Home / Politics / വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചി മേയറെ തീരുമാനിക്കാനാവാതെ കോൺഗ്രസ്

വിജയത്തിളക്കത്തിലും ഗ്രൂപ്പ് പോര്; കൊച്ചി മേയറെ തീരുമാനിക്കാനാവാതെ കോൺഗ്രസ്

തദ്ദേശ തെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ മികച്ച വിജയം നേടിയെങ്കിലും മേയർ സ്ഥാനാർത്ഥിയെ തീരുമാനിക്കാനാവാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങുന്നു. പാർട്ടിയിലെ ഗ്രൂപ്പ് പോരും മുതിർന്ന നേതാക്കളുടെ ഇടപെടലുകളും സ്ഥാനാർത്ഥി നിർണയത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്, വി കെ മിനിമോൾ, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് മേയർ പദവിയിലേക്ക് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.

കെപിസിസി ഭാരവാഹി എന്ന നിലയിലുള്ള സീനിയോറിറ്റിയും സംഘടനയിലെ പദവിയും പരിഗണിച്ച് ദീപ്തി മേരി വർഗീസിന് മേയർ സ്ഥാനത്തേക്ക് പ്രഥമ പരിഗണന നൽകണമെന്നാണ് ഒരു വിഭാഗം മുതിർന്ന നേതാക്കളുടെ ആവശ്യം. എന്നാൽ, ദീപ്തിയെ തടയാൻ പാർട്ടിയിലെ മറ്റൊരു വിഭാഗം സജീവമായി രംഗത്തുണ്ട്. പാർലമെന്ററി പാർട്ടി യോഗത്തിൽ ഭൂരിപക്ഷം നോക്കി വേണം മേയറെ തീരുമാനിക്കാനെന്നാണ് ഇവർ കെപിസിസിയോട് ആവശ്യപ്പെടുന്നത്.

അതേസമയം, ലത്തീൻ കത്തോലിക്കാ സമുദായത്തിന് ശക്തമായ സ്വാധീനമുള്ള നഗരമെന്ന നിലയിൽ ആ പരിഗണനയിൽ ഷൈനി മാത്യുവിന്റെയും വി കെ മിനിമോളിന്റെയും പേരുകൾ സജീവമായി ചർച്ചയിലുണ്ട്. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന പശ്ചിമ കൊച്ചി മേഖലയിൽ നിന്നുള്ള കൗൺസിലർ എന്ന നിലയിൽ ഷൈനി മാത്യുവിനെ മേയറാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ബ്ലോക്ക് പ്രസിഡന്റുമാർ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്. പശ്ചിമ കൊച്ചിയിൽ യുഡിഎഫ് നേരിട്ട തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഈ ആവശ്യം അവഗണിക്കാനാവില്ലെന്നാണ് ഒരു വിഭാഗം കരുതുന്നത്.

ജാതി-മത സമവാക്യങ്ങൾ നോക്കിയാവില്ല മേയറെ തീരുമാനിക്കുകയെന്നും എല്ലാ കൗൺസിലർമാരുടെയും അഭിപ്രായം കേട്ട ശേഷം സുതാര്യമായ രീതിയിൽ കെപിസിസി തീരുമാനമെടുക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബർ 26-നാണ് മേയർ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. അതിനുമുമ്പ് സമവായത്തിലെത്താനാണ് നേതൃത്വത്തിന്റെ ശ്രമം. കോർപ്പറേഷന്റെ മുഴുവൻ കാലാവധിയിലും ഒരാൾ തന്നെ മേയറായി ഇരിക്കണമെന്ന നിലപാടാണ് കോൺഗ്രസ് ഹൈക്കമാൻഡിനുള്ളതെങ്കിലും ഗ്രൂപ്പ് പോര് മുറുകിയാൽ പദവി പങ്കുവെക്കുന്നതടക്കമുള്ള ചർച്ചകളിലേക്ക് പാർട്ടി നീങ്ങാൻ സാധ്യതയുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *