ശബരിമലയിലെ സ്വർണ്ണം പൂശിയ വാതിൽപ്പാളി കാണാതായെന്ന കേസിലെ അന്വേഷണത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കേസിലെ പ്രതിയായ മുൻ ദേവസ്വം ബോർഡ് കമ്മീഷണറും പ്രസിഡന്റുമായ എൻ. വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി അന്വേഷണസംഘത്തിനും സർക്കാരിനും എതിരെ ചോദ്യങ്ങൾ ഉന്നയിച്ചത്.
1998-ൽ ശ്രീകോവിലിന്റെ വാതിൽപ്പാളി സ്വർണ്ണം പൂശിയതാണെന്ന പ്രോസിക്യൂഷൻ വാദത്തിന് രേഖാമൂലമുള്ള തെളിവുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് തെളിയിക്കുന്ന യാതൊരു രേഖകളും ഹാജരാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോ പ്രത്യേക അന്വേഷണ സംഘത്തിനോ കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്മാർട്ട് ക്രിയേഷൻസ് പാർട്ണർ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെ മാത്രം ആശ്രയിച്ചാണ് സർക്കാർ കേസ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും, കൃത്യമായ തെളിവുകളുടെ പിൻബലമില്ലാതെ കേസ് എങ്ങനെ നിലനിൽക്കുമെന്നും കോടതി ചോദിച്ചു. നേരത്തെ വാതിൽപ്പാളി സ്വർണ്ണം പൂശിയതാണെന്ന കാര്യം ദേവസ്വം ബോർഡിന്റെ രേഖകളിലില്ലെന്നും കോടതി കണ്ടെത്തി.
വാതിൽപ്പാളിയെക്കുറിച്ച് മാത്രമാണ് എഫ്‌ഐആറിൽ പരാമർശമുള്ളതെന്നും, അതിനാൽ മറ്റ് ആഭരണങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
2019 മാർച്ചിൽ നൽകിയ ചില നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയാക്കിയത്. എന്നാൽ, പ്രോസിക്യൂഷന്റെ കൈവശം ശക്തമായ തെളിവുകളില്ലെന്നും കേസ് ദുർബലമായ അടിത്തറയിലാണ് നിൽക്കുന്നതെന്നും കോടതി വിമർശിച്ചു.










