Home / Politics / നവകേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് കനത്ത തിരിച്ചടി

നവകേരള സർവ്വേ റദ്ദാക്കി ഹൈക്കോടതി; സർക്കാരിന് കനത്ത തിരിച്ചടി

സംസ്ഥാന സർക്കാരിന്റെ നവകേരള സർവ്വേ ഹൈക്കോടതി റദ്ദാക്കി. സർവ്വേ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സർവ്വേ നടത്തുന്നതിനായി കൃത്യമായ ബജറ്റ് വിഹിതം വകയിരുത്തിയിട്ടില്ലെന്നും ആവശ്യമായ സാമ്പത്തിക അനുമതികൾ (Financial Sanction) പദ്ധതിക്ക് ലഭിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മതിയായ നിയമസാധുതയോ സാമ്പത്തിക സുതാര്യതയോ ഇല്ലാതെ ഇത്തരം വിപുലമായ പരിപാടികൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാരിന്റെ നയപരമായ തീരുമാനമാണെങ്കിലും നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചയാണ് കോടതിയുടെ ഇടപെടലിന് കാരണമായത്.

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പ്രവർത്തനങ്ങൾ, വികസനം തുടങ്ങിയ കാര്യങ്ങൾ ജനങ്ങളിൽ നിന്ന് ചോദിച്ചറിയുന്നതിന് വേണ്ടിയാണ് നവകേരള സർവ്വേ എന്ന പേരിൽ ഒരു പരിപാടി നടത്താൻ തീരുമാനിച്ചത്. സർവേക്ക് വേണ്ടി പ്രവർത്തകരെ ഒരു പോർട്ടൽ വഴി കണ്ടെത്തിയ ശേഷം, വീടുകൾ തോറും കയറിയായിയിരുന്നു സർവ്വേ. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ആണ് സർവ്വേയ്ക്കെതിരെ കോടതിയെ സമീപിച്ചത്. സിപിഎം പ്രവർത്തകരെ ഉപയോ​ഗിച്ചുകൊണ്ട് സർവ്വേയുടെ പേരിൽ ഒരു രാഷ്ട്രീയ പരിപാടിയാണ് നടത്തുന്നത് എന്നായിരുന്നു ഹർജിക്കാർ കോടതിയിൽ പറ‍ഞ്ഞത്.

ഹർജിയിൽ കോടതി നിരവധി തവണ വാദം കേട്ടിരുന്നു. തുടർന്നാണ് ഇതിൽ പണം വകയിരുത്തലോ ധനകാര്യ വകുപ്പിന്റെ അനുമതിയോ ഈ പരിപാടിക്ക് ഇല്ല എന്ന് കണ്ടെത്തി കൊണ്ട് ഹൈക്കോടതി പദ്ധതി റദ്ദാക്കിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് കോടതിയുടെ ഈ അപ്രതീക്ഷിത വിധി വരുന്നത്. പദ്ധതിയുടെ പേരിൽ നടത്തുന്ന പണമിടപാടുകളും പ്രവർത്തനങ്ങളും ഇതോടെ നിയമക്കുരുക്കിലായിരിക്കുകയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *