ബലാത്സംഗ കേസിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയുന്നത് വീണ്ടും നീട്ടി ഹൈക്കോടതി. രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യത്തെ കേസിലെ മുൻകൂർ ജാമ്യഹർജി ഇന്ന് പരിഗണിക്കവേയാണ് അറസ്റ്റ് തടയുന്നത് നീട്ടിയത്. ഹർജി ഡിസംബർ 18 ന് വീണ്ടും പരിഗണിക്കും.
അതേസമയം, രാഹുലിനെതിരെയുള്ള രണ്ടാമത്തെ ബലാത്സംഗ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ഹൈക്കോടതി ക്രിസ്മസ് അവധിക്ക് ശേഷം മാത്രമേ പരിഗണിക്കുകയുള്ളൂ. മറുപടി നൽകാൻ സമയം വേണമെന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകന്റെ ആവശ്യം അംഗീകരിച്ചാണ് സിംഗിൾ ബെഞ്ച് ഈ കേസ് മാറ്റിവെച്ചത്.
നിലവിൽ അടൂരിലെ വീട്ടിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനോട് പത്തനംതിട്ട ജില്ല വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണ സംഘം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. കേസുകൾ ഹൈക്കോടതിയുടെ പരിഗണനയിലായതിനാലാണ് ഇത്തരമൊരു നിർദ്ദേശം.
അതിജീവിതയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് 15 ദിവസത്തോളം ഒളിവിലായിരുന്ന രാഹുൽ, കഴിഞ്ഞ 11-ന് തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പാലക്കാട് എത്തിയിരുന്നു.










