ടിക്കറ്റ് വരുമാനത്തിൽ സർവകാല റെക്കോർഡ് നേട്ടം സ്വന്തമാക്കി കെഎസ്ആർടിസി. തിങ്കളാഴ്ച മാത്രം 13.01 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിസി നേടിയത്. ചരിത്രത്തിലാദ്യമായാണ് കോർപറേഷന്റെ പ്രതിദിന വരുമാനം 13 കോടി കടക്കുന്നത്. ഈ വലിയ നേട്ടത്തിൽ ജീവനക്കാരെയും മാനേജ്മെന്റിനെയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിനന്ദിച്ചു.
ജനുവരി 5-ന് ലഭിച്ച ആകെ വരുമാനത്തിൽ 12.18 കോടി രൂപ ടിക്കറ്റ് വരുമാനമാണ്. ടിക്കറ്റിതര വരുമാനമായി 83.49 ലക്ഷം രൂപയും ലഭിച്ചു. ശബരിമല മകരവിളക്ക് സീസണും ക്രിസ്മസ് അവധിക്കാലം കഴിഞ്ഞ് ഓഫീസുകൾ തുറന്നതും വരുമാനം വർധിക്കാൻ കാരണമായി. കഴിഞ്ഞ വർഷം ഇതേ ദിവസം 8.57 കോടി രൂപയായിരുന്നു കെഎസ്ആർടിസിയുടെ വരുമാനം. സമാനമായ സാഹചര്യത്തിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാതെ തന്നെ ഇത്തവണ വരുമാനത്തിൽ വൻ കുതിപ്പുണ്ടാക്കാൻ സാധിച്ചുവെന്നത് ശ്രദ്ധേയമാണ്.
മന്ത്രി കെ.ബി. ഗണേഷ് കുമാർ ചുമതലയേറ്റ ശേഷം കെഎസ്ആർടിസിയിൽ നടപ്പിലാക്കിയ പരിഷ്കാരങ്ങളും ചിട്ടയായ പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു. ഓഫ് റോഡ് ബസുകൾ പരമാവധി കുറച്ച് സർവീസുകൾ വർദ്ധിപ്പിച്ചതും സേവനങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളും യാത്രക്കാരെ കെഎസ്ആർടിസിയിലേക്ക് ആകർഷിച്ചു. നിലവിൽ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും പ്രവർത്തന ലാഭത്തിലാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
“ഇപ്പോൾ നമ്മൾ ആഘോഷിച്ചില്ലെങ്കിൽ പിന്നെ ഇപ്പോഴാ? ചരിത്രത്തിൽ ഇത് ആദ്യമാണ്. ഈ നേട്ടത്തിൽ നമ്മൾക്ക് അഭിമാനിക്കാം..നമ്മൾക്ക് അസാധ്യമായി ഒന്നുമില്ലെന്ന് ഒരിക്കൽകൂടി KSRTC യുടെ ജീവനക്കാർ തെളിയിച്ചു. പ്രിയപ്പെട്ട എന്റെ KSRTC ജീവനക്കാരേ, നിങ്ങളെയോർത്ത് ഞാൻ അഭിമാനം കൊള്ളുന്നു..നമ്മൾ നേടുന്ന ഓരോ നേട്ടങ്ങളും നമ്മുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണ്..ഇനിയും ഏറെ ദൂരം നമ്മൾക്ക് സഞ്ചരിക്കേണ്ടതുണ്ട്..നമ്മൾക്ക് കഴിയും, നിങ്ങൾ കൂടെ നിന്നാൽ മതി.. ,’ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സിഎംഡി ഡോ. പ്രമോജ് ശങ്കറിന്റെയും മറ്റ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമത്തെയും മന്ത്രി പ്രശംസിച്ചു.










