30ാമത് ഐഎഫ്എഫ്കെ യില്‍ ഇന്ത്യന്‍ സമാന്തര സിനിമയുടെ മുന്നണിപ്പോരാളി സയ്യിദ് മിര്‍സയുടെ മൂന്ന് ചിത്രങ്ങള്‍ റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് ഈ വർഷത്തെ ചലച്ചിത്ര മേള.
1996 ല്‍ രണ്ട് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ നേടിയ ‘നസീം’, മികച്ച ഹിന്ദി ചിത്രത്തിനുള്ള 37ാമത് ദേശീയ പുരസ്‌കാരം നേടിയ ‘സലീം ലാംഗ്‌ഡേ പേ മത് രോ’, ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതിനു തൊട്ടു മുമ്പുള്ള ആറു മാസങ്ങളില്‍ മുംബൈയിലെ ഒരു മുസ്ലിംകുടുംബത്തിലെ നസീം എന്ന 15കാരിയും മുത്തച്ഛനും തമ്മിലുള്ള ബന്ധത്തിലൂടെ വര്‍ഗീയസംഘര്‍ഷത്തിന്റെ തീക്ഷ്ണത അവതരിപ്പിക്കുന്ന ചിത്രമാണ് ‘നസീം’.
നഗരങ്ങളിലെ മുസ്ലിംകളുടെ അരികുവത്കരണത്തെക്കുറിച്ചുള്ള ആഴത്തിലുള്ള പരിശോധനയാണ് സലിംപാഷ എന്ന ഭിന്നശേഷിക്കാരന്റെ കഥ പറയുന്ന ‘സലീം ലാംഗ്‌ഡേ പേ മത് രോ’. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീണ ഒരു സമ്പന്ന ബിസിനസുകാരന്റെ മകന്റെ ലക്ഷ്യബോധമില്ലാത്ത ജീവിതയാത്ര അവതരിപ്പിക്കുകയാണ് ‘അരവിന്ദ് ദേശായി കി അജീബ് ദാസ്താന്‍’ എന്ന ചിത്രം.
പുനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് 1976ല്‍ ബിരുദം നേടിയ സയ്യിദ് മിര്‍സ പുരോഗമന രാഷ്ട്രീയത്തിന്റെ ശക്തമായ അടിയൊഴുക്കുള്ള പ്രമേയങ്ങളാണ് സിനിമകള്‍ക്ക് സ്വീകരിച്ചിരുന്നത്. നിലവില്‍ കെ.ആര്‍.നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്റ് ആര്‍ട്‌സിന്റെ ചെയര്‍മാന്‍ ആണ്.
യൂസഫ് ഷഹീനൈൻ ചിത്രങ്ങൾ
വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച മുന്നു ചിത്രങ്ങളും റെട്രോസ്‌പെക്റ്റീവ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. കെയ്‌റോ സ്റ്റേഷന്‍ (1958), അലക്‌സാണ്‍ഡ്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍(1989), ദ അദര്‍ (1999) എന്നീ ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആയുഷ്‌കാല സംഭാവനയ്ക്കുള്ള കാന്‍ ചലച്ചിത്രമേളയുടെ 50ാമത് ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നേടിയ യൂസഫ് ഷഹീന്‍ 1950കള്‍ മുതല്‍ 2008ല്‍ 82ാം വയസ്സില്‍ മരിക്കുന്നതു വരെ ഈജിപ്ഷ്യന്‍ സിനിമയില്‍ സജീവമായിരുന്നു. ഒമര്‍ ഷെരീഫ് എന്ന വിഖ്യാത നടന്റെ ചലച്ചിത്രപ്രവേശത്തിനും കരിയറിലെ വളര്‍ച്ചയ്ക്കും നിമിത്തമായ സംവിധായകനാണ് യൂസഫ് ഷഹീന്‍. കെയ്‌റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ എക്കാലത്തെയും മികച്ച 100 ചിത്രങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ അതില്‍ 12 ചിത്രങ്ങളും യൂസഫ് ഷഹീനിന്‍േറതായിരുന്നു. അദ്ദേഹത്തിന്റെ എട്ടു ചിത്രങ്ങള്‍ കാന്‍ ചലച്ചിത്രമേളയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1979ല്‍ അലക്‌സാന്‍ഡ്രിയ വൈ എന്ന ചിത്രത്തിന് ബെര്‍ലിന്‍ ചലച്ചിത്രമേളയില്‍ സില്‍വര്‍ ബെയര്‍ പുരസ്‌കാരം ലഭിച്ചിരുന്നു.
അറബ് സിനിമയെ അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ ചലച്ചിത്രകാരനായാണ് അദ്ദേഹം അറിയപ്പെടുന്നത്.










