Home / Featured / ‘നൂറ് സിനിമയൊക്കെ കഴിഞ്ഞപ്പോഴാണ് ഇനി സ്കൂളിൽ പോകാൻ പറ്റില്ലെന്ന് മനസ്സിലായത്,’ ഓർമ്മകൾ പങ്ക് വച്ച് ഉർവശി

‘നൂറ് സിനിമയൊക്കെ കഴിഞ്ഞപ്പോഴാണ് ഇനി സ്കൂളിൽ പോകാൻ പറ്റില്ലെന്ന് മനസ്സിലായത്,’ ഓർമ്മകൾ പങ്ക് വച്ച് ഉർവശി

താൻ സ്വയം തെരഞ്ഞെടുത്ത വഴിയല്ല സിനിമയെന്നും ഓരോ സിനിമ കഴിയുമ്പോഴും തിരികെ സ്കൂളിൽ പോകാനാണ് ആഗ്രഹിച്ചിരുന്നതെന്നും നടി ഉർവശി. രഞ്ജിനി ഹരിദാസുമായുള്ള അഭിമുഖത്തിലാണ് തന്റെ സ്കൂൾ കാലഘട്ടത്തെക്കുറിച്ചും പഠനം മുടങ്ങിയ സാഹചര്യത്തെക്കുറിച്ചും ഉർവശി രസകരമായ ഓർമ്മകൾ പങ്കുവെച്ചത്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ‘മുന്താനൈ മുടിച്ച്’ എന്ന സിനിമ പുറത്തിറങ്ങിയതോടെ ഉണ്ടായ അനുഭവങ്ങളും നടി വെളിപ്പെടുത്തി.

സിനിമയിൽ സജീവമായതോടെ മതിയായ ഹാജർ ഇല്ലാത്തതിനാൽ തന്നെ സ്കൂളിൽ നിന്ന് പറഞ്ഞുവിടുകയായിരുന്നുവെന്ന് ഉർവശി പറയുന്നു. ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷയുടെ സമയത്തായിരുന്നു ‘മുന്താനൈ മുടിച്ച്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ്. പിന്നീട് റീ എക്സാം എഴുതിയാണ് പത്താം ക്ലാസിലെത്തിയത്. എന്നാൽ പത്താം ക്ലാസിലെത്തിയപ്പോഴേക്കും സിനിമ പുറത്തിറങ്ങുകയും ഹിറ്റാവുകയും ചെയ്തു. ഇതോടെ സ്കൂളിൽ പോകുമ്പോൾ ആൺകുട്ടികൾ സിനിമയിലെ ‘കണ്ണ് തുറക്കണം സാമി’ എന്ന പാട്ടുപാടി പിന്നാലെ നടക്കാൻ തുടങ്ങി. ഇത് തനിക്ക് വലിയ മാനക്കേടും സങ്കടവും ഉണ്ടാക്കിയെന്നും, ഒടുവിൽ ക്ലാസിൽ വരാത്തതിനാലും മറ്റും ഇനി സ്കൂളിലേക്ക് വരേണ്ടതില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നുവെന്നും ഉർവശി പറഞ്ഞു.

തുടക്കകാലത്ത് ഷൂട്ടിങ്ങ് സെറ്റുകളിൽ വെച്ച് എല്ലാവരും തന്നെ കളിയാക്കുമായിരുന്നു. ഓരോ സിനിമ നടക്കുമ്പോഴും ഇത് തീർത്തിട്ട് വേണം സ്കൂളിൽ പോകാൻ എന്ന് താൻ പറയുമായിരുന്നു. ‘ഷൂട്ട് വേഗം തീർക്ക്, ഈ കൊച്ചിന് സ്കൂളിൽ പോകാനുള്ളതാണ്’ എന്ന് പറഞ്ഞ് മുതിർന്നവർ കളിയാക്കുമായിരുന്നെങ്കിലും അന്നത് തനിക്ക് മനസ്സിലായിരുന്നില്ല. ഏകദേശം നൂറ് സിനിമകൾ കഴിഞ്ഞപ്പോഴാണ് ഇനി സ്കൂളിലേക്കൊരു തിരിച്ചുപോക്കില്ലെന്ന് താൻ തിരിച്ചറിഞ്ഞതെന്ന് ഉർവശി ഓർക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ തിരക്കേറിയതോടെ സ്വാഭാവികമായും പഠനം ഉപേക്ഷിക്കേണ്ടി വന്നു.

പഠനം പാതിവഴിയിൽ നിന്നുവെങ്കിലും താനും നടി ശോഭനയും ചേർന്ന് പിന്നീട് പ്രൈവറ്റായി എൻട്രൻസ് എഴുതാൻ തീരുമാനിച്ചിരുന്നതായും ഉർവശി വെളിപ്പെടുത്തി. ഇതിനായി താൻ കഷ്ടപ്പെട്ട് പഠിച്ചെങ്കിലും അവസാനം ശോഭന പിന്മാറി. പരീക്ഷയുടെ സമയത്തായിരുന്നു ‘പൊൻമുട്ടയിടുന്ന താറാവ്’ എന്ന സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടന്നത്. അതിനാൽ പരീക്ഷ എഴുതാനും സാധിച്ചില്ല. ഇതൊന്നും തന്റെ തീരുമാനങ്ങൾ ആയിരുന്നില്ലെന്നും ജീവിതം ഇങ്ങനെയാകണമെന്ന് ദൈവം നിശ്ചയിച്ചിട്ടുണ്ടാകാമെന്നും ഉർവശി കൂട്ടിച്ചേർത്തു. മലയാള സിനിമയിൽ വന്നതിന് ശേഷമാണ് അഭിനയത്തെ ഒരു ഗൗരവമുള്ള ജോലിയായി കാണാൻ തുടങ്ങിയതെന്നും അവർ പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *