കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമിതമാണെന്ന ആരോപണം ആവർത്തിച്ച് മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്ത്. 2018-ലെ പ്രളയക്കെടുതിക്ക് ശേഷവും സർക്കാർ പുലർത്തിയ ഗുരുതരമായ വീഴ്ചകൾ അക്കമിട്ടു നിരത്തിയാണ് അദ്ദേഹം സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. 2019 മെയ് 31-ന് അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സ് പുറത്തുവിട്ടുകൊണ്ടാണ് അദ്ദേഹം പുതിയ ആരോപണങ്ങൾ ഉന്നയിച്ചത്.
പ്രളയത്തെ പ്രതിരോധിക്കുന്നതിനേക്കാൾ സർക്കാരിന് താൽപ്പര്യം തോട്ടപ്പള്ളിയിലെ കരിമണൽ കടത്തുന്നതിലായിരുന്നുവെന്ന് കുഴൽനാടൻ ആരോപിച്ചു. മഴക്കാലത്തിന് മുൻപായി തോട്ടപ്പള്ളി സ്പിൽവേയ്ക്ക് സമീപമുള്ള മണ്ണ് നീക്കം ചെയ്യണമെന്ന് ഉത്തരവിറക്കിയിരുന്നു. എന്നാൽ, ഈ ഉത്തരവിൽ പ്രളയ മുന്നൊരുക്കത്തേക്കാൾ ഉപരിയായി, ഖനനം ചെയ്യുന്ന മണ്ണ് മഴവെള്ളത്തിൽ ഒഴുകിപ്പോകാതെ സംരക്ഷിക്കണമെന്ന നിർദേശത്തിനാണ് മുൻഗണന നൽകിയത്. ഡാം നിയന്ത്രിക്കേണ്ട ജലവിഭവ വകുപ്പിന് എന്തിനാണ് കരിമണലിൽ ഇത്രയധികം താൽപ്പര്യമെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചു.
ഇറിഗേഷൻ വകുപ്പ് പ്രളയ പ്രതിരോധത്തിന് പകരം കരിമണൽ സംരക്ഷിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്. മുൻകാല അനുഭവങ്ങൾ കണക്കിലെടുത്ത് മഴയെത്തുമ്പോൾ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതുവിധേനയും മഴയ്ക്ക് മുൻപ് മണൽ കടത്തുക എന്നതായിരുന്നു സർക്കാരിന്റെ ഏക ലക്ഷ്യം. സഭയ്ക്കകത്ത് ഇത്തരം വിഷയങ്ങൾ ഉന്നയിക്കുമ്പോൾ മൈക്ക് ഓഫാക്കുന്നത് ഉൾപ്പെടെയുള്ള ഏകപക്ഷീയമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മാത്യു കുഴൽനാടൻ കുറ്റപ്പെടുത്തി.










