മലയാളത്തിന്റെ പ്രിയ ചലച്ചിത്ര പ്രതിഭ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ച് സാംസ്‌കാരിക കേരളം. എറണാകുളം ടൗൺ ഹാളിലെ പൊതുദർശനത്തിന് ശേഷം ഭൗതികദേഹം തൃപ്പൂണിത്തുറ ഉദയംപേരൂർ കണ്ടനാട്ടുള്ള വസതിയിലെത്തിച്ചു. ഞായറാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടക്കുക.
ശനിയാഴ്ച രാവിലെ 8.30-ഓടെയായിരുന്നു ശ്രീനിവാസന്റെ അന്ത്യം. ഉദയംപേരൂരിലെ വീട്ടിൽ വിശ്രമത്തിലായിരുന്ന അദ്ദേഹത്തെ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. ഉടൻ തന്നെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
പൊതുദർശനം ഉച്ചയ്ക്ക് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ എത്തിച്ച മൃതദേഹത്തിൽ ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ആയിരക്കണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആദരം അർപ്പിച്ചു. മമ്മൂട്ടി, മോഹൻലാൽ, ദിലീപ്, സത്യൻ അന്തിക്കാട് തുടങ്ങി ചലച്ചിത്ര രംഗത്തെ പ്രമുഖരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും തങ്ങളുടെ പ്രിയപ്പെട്ട ‘ശ്രീനി’യെ അവസാനമായി കാണാൻ എത്തിയിരുന്നു.
ചെന്നൈയിലായിരുന്ന മകൻ വിനീത് ശ്രീനിവാസൻ വിമാനമാർഗ്ഗം കൊച്ചിയിലെത്തി നേരിട്ട് ടൗൺ ഹാളിലേക്ക് എത്തുകയായിരുന്നു. യാത്രാമധ്യേയാണ് പിതാവിന്റെ മരണവാർത്ത വിനീത് അറിയുന്നത്. ധ്യാൻ ശ്രീനിവാസനും കുടുംബാംഗങ്ങളും താലൂക്ക് ആശുപത്രി മുതൽ ഭൗതികദേഹത്തെ അനുഗമിച്ചു.
ശ്രീനിവാസന്റെ നിര്യാണത്തിൽ കമൽഹാസൻ, രജനികാന്ത് തുടങ്ങി തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി. മലയാളിയുടെ ചിന്തയെയും ചിരിയെയും ഒരുപോലെ സ്വാധീനിച്ച ഒരു യുഗത്തിനാണ് ശ്രീനിവാസന്റെ വേർപാടോടെ അന്ത്യമാകുന്നത്.










