Home / Uncategorized / ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങളെ അട്ടിമറിക്കുന്നുവെന്ന് ട്രേഡ് യൂണിയനുകൾ; രാജ്യവ്യാപക പ്രക്ഷോഭം

ലേബർ കോഡ് തൊഴിലാളികളുടെ അവകാശങ്ങളെ അട്ടിമറിക്കുന്നുവെന്ന് ട്രേഡ് യൂണിയനുകൾ; രാജ്യവ്യാപക പ്രക്ഷോഭം

കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയ ലേബർ കോഡിനെതിരെ രാജ്യ വ്യാപക പ്രതിഷേധം. ലേബർ കോഡ് നിലവിൽ വന്ന് ഒരാഴ്ച തികയും മുമ്പാണ് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്ന നടപടിയാണ് ഇതെന്ന് ആരോപിച്ച് ആയിരക്കണക്കിന് തൊഴിലാളികൾ ഇന്ന് തെരുവിലിറങ്ങിയത്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

തൊഴിലാളികളോടുള്ള ‘വഞ്ചനാപരമായ തട്ടിപ്പാണി’തെന്ന് യൂണിയൻ നേതാക്കൾ ആരോപിച്ചു. ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ കാലങ്ങളായി നിലവിലുള്ള അവകാശങ്ങളെയും സംരക്ഷണങ്ങളെയും പുതിയ നിയമങ്ങൾ ഇല്ലാതാക്കുമെന്നും, അവകാശങ്ങൾ നേടിയെടുക്കാൻ കൂട്ടായി ശബ്ദമുയർത്തുന്നതിന് ലേബർ കോഡ് ഭീഷണിയാണെന്നും തൊഴിലാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.

ആശങ്കകൾ ഉറക്കെ പ്രഖ്യാപിച്ച് കൊണ്ടാണ് തൊഴിലാളി, കർഷക സംഘടനകൾ രാജ്യത്തുടനീളം റാലികളും മാർച്ചുകളും സംഘടിപ്പിച്ചത്. നവംബർ 21-ന് പുതിയ തൊഴിൽ കോഡുകൾ പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ പ്രധാന പ്രതിഷേധമാണിത്.

തൊഴിലുടമകൾക്ക് അമിതാധികാരം

ലേബർ കോഡ് തൊഴിലുടമകൾക്ക് അമിതാധികാരം നൽകുകയും, തൊഴിൽ വിപണിയിലെ അനിശ്ചിതത്വങ്ങൾ നേരിടുന്ന തൊഴിലാളികളുടെ ഭാഗം ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് സംഘടനാ പ്രതിനിധികൾ വാദിക്കുന്നു.

“തൊഴിലാളികളുടെ അവകാശങ്ങൾ ബുൾഡോസ് ചെയ്യപ്പെടുകയാണ്. തൊഴിലാളികൾക്ക് ഗുണകരമാണ് ഈ കോഡുകൾ എന്ന പച്ചക്കള്ളം പറഞ്ഞാണ് സർക്കാർ ഇതിനെ ന്യായീകരിക്കുന്നത്,” സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (CITU) ജനറൽ സെക്രട്ടറി തപൻ സെൻ പറഞ്ഞു. തൊഴിലാളികളുടെ ശബ്ദം അടിച്ചമർത്താനും, യൂണിയൻ രൂപീകരിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്ന കൊളോണിയൽ കാലഘട്ടത്തിലേക്ക് അവരെ തള്ളിവിടാനുമുള്ള ശ്രമമാണിതെന്നും ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ് (AITUC) ജനറൽ സെക്രട്ടറി അമർജീത് കൗർ ആരോപിച്ചു.

പ്രധാന ആശങ്കകൾ

ബ്രിട്ടീഷ് കാലഘട്ടത്തിലെ 29 തൊഴിൽ നിയമങ്ങളെ സംയോജിപ്പിച്ച് വേതനം, വ്യാവസായിക ബന്ധങ്ങൾ, സാമൂഹിക സുരക്ഷ, തൊഴിൽ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട നാല് സമഗ്ര കോഡുകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നത്. ഇത് ആയിരത്തിലധികം നിലവിലുള്ള നിയമങ്ങൾ ലളിതമാക്കുമെന്നും, അസംഘടിത-ഗിഗ് തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷാ പരിരക്ഷ നൽകുമെന്നുമാണ് ഔദ്യോഗിക ഭാഷ്യം.

300 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്ക് മുൻകൂർ സർക്കാർ അനുമതിയില്ലാതെ ജീവനക്കാരെ പിരിച്ചുവിടാൻ (Layoff) അനുമതി നൽകുന്ന വ്യവസ്ഥയും ലേബർ കോഡിലുണ്ട്. മുമ്പിത് 100 തൊഴിലാളികളായിരുന്നു. പണിമുടക്കുകൾക്ക് കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുകയും, യൂണിയനുകൾ രൂപീകരിക്കാനുള്ള സാധ്യതകൾ പരിമിതപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥകളും നിയമത്തിലുണ്ട്.

തൊഴിൽ ഷിഫ്റ്റുകളുടെ സമയം വർദ്ധിപ്പിക്കുന്നതും തൊഴിലാളികളുടെ അവകാശൾക്ക് നേരെയുള്ള കടന്ന് കയറ്റമായി യൂണിയനുകൾ വാദിക്കുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *