വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം കണ്ണൂർ ജില്ലാ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായി. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇത്തവണ പേരാവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടും. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിലവിലെ മണ്ഡലമായ മട്ടന്നൂരിൽ ഇത്തവണ അവസരം നൽകാനാവില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചതിനെ തുടർന്ന്, പേരാവൂരിൽ മത്സരിക്കാൻ ശൈലജ സന്നദ്ധത അറിയിക്കുകയായിരുന്നു. 2006-ൽ ശൈലജ പേരാവൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിനിധീകരിക്കുന്ന പേരാവൂർ മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശൈലജയെ പാർട്ടി അവിടെ നിയോഗിക്കുന്നത്. ശൈലജയുടെ മാറ്റത്തോടെ സിപിഎമ്മിന്റെ ഉറച്ച കോട്ടയായ മട്ടന്നൂരിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് സ്ഥാനാർത്ഥിയാകും.
മറ്റ് മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടുണ്ട്. തളിപ്പറമ്പ് മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷൻ നേതാവുമായ പി.കെ ശ്യാമള മത്സരിക്കും. ആന്തൂർ നഗരസഭ മുൻ ചെയർപേഴ്സൺ കൂടിയാണ് ശ്യാമള. സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിൽ കാരായി രാജൻ സ്ഥാനാർത്ഥിയാകും. പയ്യന്നൂരിൽ ടി.ഐ മധുസൂദനൻ തന്നെയാകും ജനവിധി തേടുക.
ഔദ്യോഗികമായ സ്ഥാനാർത്ഥി പ്രഖ്യാപനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിന് ശേഷം വരും ദിവസങ്ങളിൽ ഉണ്ടാകും. ശക്തരായ നേതാക്കളെ തന്നെ കളത്തിലിറക്കി ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മേധാവിത്വം ഉറപ്പിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്.










