മുഖ്യമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ഉന്നയിച്ച വിഷയങ്ങളിലെല്ലാം പരസ്യ സംവാദത്തിന് ഞാന്‍ തയാറാണെന്നും സ്ഥലവും തീയതിയും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നുമാണ് സതീശൻ പറഞ്ഞത്. സംസ്ഥാനത്തെ പ്രധാന വികസന വിഷയങ്ങളിൽ പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ചോദ്യങ്ങൾ ഉന്നയിച്ച് സംവാദത്തിന് ക്ഷണിച്ചിരുന്നു. ഇതിനോടാണ് ഇന്ന് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതിയിൽ രാജ്യത്ത് ഒരു പാര്‍ട്ടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലാത്ത നിലപാടെടുത്ത് തല ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് കേരളത്തില്‍ നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
“അങ്ങയുടെ ആദ്യ മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ കാട്ടിയ വിക്രിയകള്‍ മറന്നതോ മറന്നെന്നു നടിക്കുന്നതോ? ലൈംഗിക ആരോപണ കേസില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ ഇപ്പോഴും അങ്ങയോടൊപ്പമില്ലേ? ആ രണ്ടു പേരുടെയും കൈ ഉയര്‍ത്തിപ്പിടിച്ച് മുഖ്യമന്ത്രി നില്‍ക്കുന്ന ചിത്രം ഇപ്പോഴും കേരളീയ പൊതുസമൂഹത്തിന് മുന്നിലുണ്ട്. ഇത്രയും പറഞ്ഞതു കൊണ്ട് ഒന്നു കൂടി ചോദിക്കട്ടെ, ആരാണ് കേരള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി? ആരാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്ന് പൊലീസിനെ നിയന്ത്രിക്കുന്നത്? അദ്ദേഹത്തിന്റെ പൂര്‍വകാല ചരിത്രം എന്താണ്? ആ കേസിലെ പരാതിക്കാരന്‍ ആരായിരുന്നു? പാര്‍ട്ടിയില്‍ ഇപ്പോള്‍ പരാതിക്കാരന്റെ അവസ്ഥ എന്താണ്? അങ്ങയുടെ പാര്‍ട്ടി എം.എല്‍.എ സ്ഥാനം ഉള്‍പ്പെടെ നല്‍കി ആദരിച്ച സഖാവിനെതിരെ കഴിഞ്ഞ ദിവസം സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നല്ലോ. എത്ര ദിവസമാണ് അത് പൂഴ്ത്തി വച്ചത്? എന്തുകൊണ്ടാണ് അത് പൊലീസിന് കൈമാറാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വൈകിയത്?,” സതീശൻ ചോദിച്ചു.
പി.ആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും ഇത്തരമൊരു സംവാദത്തിന് ഇപ്പോഴെങ്കിലും തയാറായതിന് അങ്ങയെ ഞാന്‍ അഭിനന്ദിക്കുന്നു. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നു വിശ്വസിക്കുന്ന ആളാണ് ഞാന്‍. അങ്ങ് ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനൊപ്പം ഞാനും ചില ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. അതിനും അങ്ങയുടെ മറുപടി പ്രതീക്ഷിക്കുന്നു. എപ്പോഴും ഇങ്ങോട്ട് പറയുന്നത് മാത്രം കേട്ടാല്‍ പോരല്ലോ. പരസ്യ സംവാദമെന്ന എന്റെ നിര്‍ദ്ദേശം അങ്ങ് ഏറ്റെടുക്കുമെന്ന് കരുതട്ടെ എന്നും സതീശൻ പറഞ്ഞു.
ലൈഫ് മിഷൻ, വിഴിഞ്ഞം തുറമുഖം, വയനാട് തുരങ്കപാത, തീരദേശ ഹൈവേ, അതിദാരിദ്യ്ര നിർമ്മാർജ്ജനം ക്ഷേമ പെൻഷൻ, ദേശീയ പാതാ വികസനം, കെ ഫോൺ, കെ റെയിൽ തുടങ്ങിയ വിഷയങ്ങളിലാണ് മുഖ്യമന്ത്രിയുടെ ചോദ്യങ്ങളും പ്രതിപക്ഷ നേതാവിന്റെ ഉത്തരങ്ങളും മറു ചോദ്യങ്ങളും.










