Home / Politics / ‘ലാവലിനുമായി ബന്ധം, കിഫ്ബിക്ക് വേണ്ടി മസാല ബോണ്ടിൽ വൻ അഴിമതിയും ക്രമക്കേടും,’ ചെന്നിത്തല

‘ലാവലിനുമായി ബന്ധം, കിഫ്ബിക്ക് വേണ്ടി മസാല ബോണ്ടിൽ വൻ അഴിമതിയും ക്രമക്കേടും,’ ചെന്നിത്തല

കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ വൻ അഴിമതിയും ക്രമക്കേടുമാണുള്ളതെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഞാനും നിങ്ങളും ഓരോ ലിറ്റർ ഇന്ധനം അടിക്കുന്നതിൽ രണ്ടു രൂപ വീതം പോകുന്നത് കിഫ്ബി ഫണ്ടിലേക്കാണ്. ഈ ഫണ്ട് അവിടെ കിടക്കുകയാണ്. അതിൽ 60 ശതമാനം പോലും ഉപയോഗിച്ചിട്ടില്ല. കിഫ്ബിയിൽ ഇതു വരെ 1183 പ്രോജക്റ്റുകൾക്കായി 7043 കോടി അപ്രൂവ് ചെയ്തു. 693 പ്രോജക്റ്റുകൾ മാത്രമാണ് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തുടങ്ങിയത്. ബാക്കി തുക കിഫ്ബിയിൽ ഉണ്ടെന്നും ചെന്നിത്തല വയനാട്ടിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇത്രയും തുക കിഫ്ബിയിൽ കിടക്കുമ്പോൾ എന്തിനാണ് സർക്കാർ മസാല ബോണ്ട് വഴി ഇത്രയേറെ കൊള്ള പലിശയ്ക്ക് 2150 കോടി രൂപ കട മെടുത്തത് ? കിഫ്ബിക്ക് വേണ്ടി മസാല ബോണ്ട് വാങ്ങിയതിൽ വൻ അഴിമതിയും ക്രമക്കേടുമാണുള്ളത്.

എന്താണ് ഈ മസാല ബോണ്ട്?

അന്തർദേശീയ മാർക്കറ്റിൽ നിന്ന് ഇന്ത്യൻ റുപ്പിയിൽ കടപ്പത്രം ഇറക്കുന്നതിനെയാണ് ഈ മസാല ബോണ്ട് എന്ന് പറയുന്നത്. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കിഫ്ബി ലിസ്റ്റ് ചെയ്യുന്നതിന് മുമ്പ് പ്രൈവറ്റ് പ്ലേസ്‌മെന്റിലൂടെയാണ് ഈ 2150 കോടി രൂപ വാങ്ങാനുള്ള തീരുമാനം എടുത്തത്. ഇത് 9.72 ശതമാനം പലിശയ്ക്കാണ് കാനഡയിലെ സിഡിപിക്യൂ (CDPQ) എന്ന് പറയുന്ന കമ്പനി വാങ്ങിയതത്.

ആ കമ്പനിക്ക് ലാവലിൻ കമ്പനിയിൽ 20 ശതമാനം ഷെയർ ഉണ്ട്. ലാവലിൻ കമ്പനിയെ സഹായിക്കാൻ വേണ്ടിയാണ് 9.72 ശതമാനം പലിശയ്ക്ക് ഈ മസാല ബോണ്ട് വിറ്റത്. കാരണം മുഖ്യമന്ത്രി പിണറായി വിജയന് ലാവ്ലിന്നോട് വല്ലാത്ത പ്രേമമാണ്. കേരളത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊച്ചി മെട്രോയ്ക്ക് വേണ്ടി നമ്മൾ ഫ്രഞ്ച് കമ്പനിയായ എഡിഎഫിൽ നിന്ന് ഏതാണ്ട് 1350 കോടി രൂപ കടമെടുത്തിരുന്നു. പലിശ വെറും 1.35 ശതമാനം.

കൊച്ചി വാട്ടർ മെട്രോയ്ക്ക് വേണ്ടി നമ്മൾ കടമെടുത്തത്. ജർമ്മൻ കമ്പനിയിൽ നിന്നാണ്. 582 കോടി വാങ്ങി, അതിന്റെ പലിശ വെറും 1.55 ശതമാനം. ഇന്ത്യൻ ബാങ്കുകളിൽ ഏഴ് ശതമാനം എട്ട് ശതമാനം പലിശയ്ക്ക് പണം കിട്ടും. അങ്ങനെ കിട്ടുന്ന ഒരു സാഹചര്യം ഉണ്ടായിട്ടു പോലും അത് വാങ്ങാതെ സിഡിപിക്യൂ എന്ന് പറയുന്ന ലാവലിനുമായി ബന്ധമുള്ള ഈ കമ്പനിക്ക് ഈ പ്രൈവറ്റ് പ്ലേസ്‌മെന്റ് വഴി മസാല ബോണ്ട് കൊടുത്തതെന്തിനാണ് എന്നാണ് ചോദ്യമെന്നും ചെന്നിത്തല പറഞ്ഞു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *