Home / Politics / തദ്ദേശ തെരഞ്ഞെടുപ്പ്: ‘മേൽക്കൈ യുഡിഎഫിന് ; കൊച്ചി കോര്‍പറേഷനില്‍ അധികാരം പിടിക്കും,’ വി ഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പ്: ‘മേൽക്കൈ യുഡിഎഫിന് ; കൊച്ചി കോര്‍പറേഷനില്‍ അധികാരം പിടിക്കും,’ വി ഡി സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഐതിഹാസികമായ തിരിച്ചു വരവുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ യുഡിഎഫ് പ്രവര്‍ത്തകര്‍ ആവേശത്തിലാണ്. ജനങ്ങളും യുഡിഎഫിന്റെ തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുകയാണ്. സര്‍ക്കാരിന് എതിരായ ശക്തമായ ജനവികാരവും ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങളും ജനവിധി യുഡിഎഫിന് അനുകൂലമാക്കും.

സര്‍ക്കാരിന് എതിരെ യുഡിഎഫ് അവതരിപ്പിച്ച കുറ്റപത്രവും ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. യുഡിഎഫിന്റെ ബദല്‍ പരിപാടികളും ജനങ്ങള്‍ ഏറ്റെടുത്തു. പതിവിന് വിപരീതമായി നേരത്തെ തന്നെ യുഡിഎഫ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. ടീം യുഡിഎഫായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതും ഫലത്തില്‍ പ്രതിഫലിക്കും. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പാറ്റേണ്‍ വ്യത്യസ്തമാണ്. എന്നാലും തദ്ദേശ ഫലത്തില്‍ ചില സൂചനകളുണ്ടാകും. കൊച്ചി കോര്‍പറേഷനില്‍ യുഡിഎഫ് ഉറപ്പായും അധികാരത്തിലെത്തും. എല്ലാ കോര്‍പറേഷനുകളിലും മുന്‍സിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ഉണ്ടാകും.

ശബരിമല വിഷയം ജനങ്ങളെ ബാധിക്കുന്നതു തന്നെയാണ്. രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണ് തദ്ദേശ തെ രഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. അപ്പോള്‍ പിന്നെ അതൊരു വിഷയമല്ലാതെ മാറുന്നത് എങ്ങനെയാണ്? രാഹുല്‍ മാങ്കൂട്ടം വിഷയം യുഡിഎഫിനെ ബാധിക്കില്ല എന്നതു മാത്രമല്ല, അവിടെയും പ്രതിരോധത്തിലാകുന്നത് സിപിഎമ്മും എല്‍ഡിഎഫുമാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയും രാജ്യത്ത് ചെയ്തിട്ടില്ലാത്ത തരത്തില്‍ മാതൃകാപരമായ നടപടി കോണ്‍ഗ്രസ് സ്വീകരിച്ചപ്പോള്‍ സിപിഎം പ്രതിരോധത്തിലായി.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിപ്പട്ടിയകയില്‍ ഉള്‍പ്പെട്ട എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണം. കോടതി വിധി പുറത്തു വരാത്ത സാഹചര്യത്തിലാണ് അതേക്കുറിച്ച് വിശദമായി സംസാരിക്കാത്തത്. ഏത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചതെന്നും ഏത് തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറതെ വിട്ടതെന്നും വിധി വായിച്ചാല്‍ മാത്രമെ മനസിലാകൂ. അതു വായിക്കാതെ വെറുതെ പറയാമെന്നു മാത്രമെയുള്ളൂ. പക്ഷെ പ്രോസിക്യൂഷന്‍ കേസില്‍ പകുതിയെ ജയിച്ചുള്ളൂ. ആ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകണം.

ക്രൂരകൃത്യം ചെയ്യുന്നവരെ വൈറ്റ് വാഷ് ചെയ്യുന്ന ജോലിയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. മര്യാദയ്ക്ക് നടക്കുന്ന മാന്യന്മാരെ തെറി അഭിഷേകം നടത്തുകയും ചെളി കൊണ്ട് പൊത്തുകയും ചെയ്യുന്ന പരിപാടിയാണ് നടക്കുന്നത്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സോഷ്യല്‍ മീഡിയയെ വില്‍പന ചരക്കാക്കി മാറ്റിയിരിക്കുകയാണ്. വനിതാ മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ടത് സോഷ്യല്‍ മീഡിയയിലാണ്. അതിന് പിന്നില്‍ ആരാണെന്ന് പറയേണ്ടതില്ലല്ലോ. ഇതിനു വേണ്ടി വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ആ സംഘത്തെ പണം കൊടുത്തും അല്ലാതെയും സ്വാധീനിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *