Home / Politics / തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ കുറവ്, തലവേദനയായി വിമതർ

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികൾ കുറവ്, തലവേദനയായി വിമതർ

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇക്കുറി അങ്കത്തിനിറങ്ങുന്നത് കുറവ് സ്ഥാനാർത്ഥികൾ. ആകെ 23,562 വാര്‍ഡുകളിലായി 72,005 സ്ഥാനാര്‍ത്ഥികളാണ് ഇക്കുറി മത്സര രംഗത്തുള്ളത്. സ്ത്രീകളാണ് സ്ഥാനാർത്ഥികളിൽ കൂടുതല്‍. 37,786 പേരാണ് ജനവിധി തേടുന്നത്. 34,218 പുരുഷന്മാരും മത്സര രംഗത്തുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ ഒരാളും മത്സരിക്കുന്നുണ്ട്. ഡിസംബര്‍ 9, 11 തീയതികളിൽ നടക്കുന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബര്‍ 13 ന് നടക്കും.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ 75,013 പേരാണ് മത്സരിച്ചത്. ഇതില്‍ 38,566 പേര്‍ വനിതകളായിരുന്നു. ഇത്തവണ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ഇന്നലെ ഒട്ടേറെ സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചിരുന്നു. കണ്ണൂരിലെ 14 വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരില്ലാത്തതിനാല്‍ ആ വാർഡുകളിൽ മത്സരമില്ല.

1200 തദ്ദേശ സ്ഥാപനങ്ങൾ, 23,612 വാര്‍ഡുകൾ

1200 തദ്ദേശ സ്ഥാപനങ്ങളിലായി 23,612 വാര്‍ഡുകളാണ് സംസ്ഥാനത്ത് ഉള്ളത്. കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭയില്‍ ഭരണസമിതിയുടെ കാലാവധി കഴിയാത്തതിനാല്‍ തെരഞ്ഞെടുപ്പ് നടക്കുന്നില്ല. മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാര്‍ഡുകളിലേക്കാണ് രണ്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കുന്നത്.

വിമതർ

വിമത സ്ഥാനാര്‍ത്ഥികളാണ് ഇടതു വലതു മുന്നണികള്‍ ഇത്തവണയും നേരിടുന്ന പ്രധാന പ്രശ്‌നം. തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിനും എല്‍ഡിഎഫിനും വെല്ലുവിളിയായി അഞ്ച് റെബല്‍ സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്. കൊച്ചി കോര്‍പറേഷനില്‍ കോണ്‍ഗ്രസ്- യുഡിഎഫ് മുന്നണിക്ക് തലവേദനയായി 11 റിബലുകളാണ് മത്സരിക്കുന്നത്. കൊച്ചിയില്‍ മുതിര്‍ന്ന നേതാവ് ശ്യാമള പ്രഭു ബിജെപിക്ക് വെല്ലുവിളിയായി റെബൽ ആയിട്ടാണ് മത്സരിക്കുന്നത്. തൃശൂരില്‍ യുഡിഎഫിന് ആറും എല്‍ഡിഎഫിന് അഞ്ചും റെബൽ സ്ഥാനാര്‍ത്ഥികളുമുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *