Home / Blog / മാൻ ഓഫ് ദി മാച്ച് ബുംറയ്ക്ക്; ആരാധകരുടെ മനം കവർന്ന് സഞ്ജു സാംസണിന്റെ സ്നേഹപ്രകടനം

മാൻ ഓഫ് ദി മാച്ച് ബുംറയ്ക്ക്; ആരാധകരുടെ മനം കവർന്ന് സഞ്ജു സാംസണിന്റെ സ്നേഹപ്രകടനം

ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരായ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്റെ മാൻ ഓഫ് ദി മാച്ച് പുരസ്കാരം ജസ്പ്രീത് ബുംറയ്ക്ക് സമർപ്പിച്ച് ഇന്ത്യൻ താരം സഞ്ജു സാംസൺ. വാംഖഡെയിലെ ബാറ്റിംഗ് പറുദീസയിൽ 499 റൺസ് പിറന്ന മത്സരത്തിൽ ബുംറയുടെ മാന്ത്രിക സ്പെല്ലാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചതെന്ന് സഞ്ജു പറഞ്ഞു. 42 പന്തിൽ 89 റൺസെടുത്ത് ഇന്ത്യയുടെ വിജയശിൽപ്പിയായെങ്കിലും, ബുംറയുടെ പ്രകടനം ഇല്ലായിരുന്നെങ്കിൽ താൻ ഇന്ന് ഈ അവാർഡ് വേദിയിൽ നിൽക്കില്ലായിരുന്നുവെന്ന് സഞ്ജു പറഞ്ഞു.

മത്സരത്തിൽ നാല് ഓവറിൽ വെറും 33 റൺസ് മാത്രം വഴങ്ങി നിർണ്ണായകമായ ഒരു വിക്കറ്റും ബുംറ വീഴ്ത്തിയിരുന്നു. മറ്റ് ബൗളർമാർ ഓവറിൽ ശരാശരി 10-ന് മുകളിൽ റൺസ് വഴങ്ങിയപ്പോഴാണ് ബുംറയുടെ ഈ അവിശ്വസനീയമായ പ്രകടനം. “ഈ വിജയത്തിന്റെ പൂർണ്ണ ക്രെഡിറ്റും ബുംറയ്ക്കുള്ളതാണ്. അദ്ദേഹം ഒരു ലോകോത്തര ബൗളറാണ്, ഒരു തലമുറയിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന അത്ഭുതം. ഡെത്ത് ഓവറുകളിൽ അദ്ദേഹം അത്രയും കൃത്യതയോടെ പന്തെറിഞ്ഞില്ലായിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു,” സഞ്ജു പ്രശംസിച്ചു.

ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവും സഞ്ജുവിന്റെ നിലപാടിനെ പിന്തുണച്ചു. വർഷങ്ങളായി ഇന്ത്യയ്ക്ക് വേണ്ടി ബുംറ ചെയ്യുന്ന കാര്യങ്ങൾ ഇന്നും ആവർത്തിച്ചുവെന്നും എതിരാളികളുടെ കൈകളിൽ നിന്ന് ജയം പിടിച്ചുവാങ്ങിയത് ബുംറയുടെ മികവാണെന്നും സൂര്യകുമാർ വ്യക്തമാക്കി. വാശിയേറിയ പോരാട്ടത്തിൽ ഏഴ് റൺസിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നത്. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ നേരിടും.

Tagged:

Leave a Reply

Your email address will not be published. Required fields are marked *