Home / Kerala / ‘മണിച്ചേട്ടന്റെ സ്വപ്നം പൂവണിഞ്ഞു’; ശ്രീലക്ഷ്മി ഇനി ഡോക്ടർ, കലാഭവൻ മണിയുടെ ആഗ്രഹം നിറവേറ്റി മകൾ

‘മണിച്ചേട്ടന്റെ സ്വപ്നം പൂവണിഞ്ഞു’; ശ്രീലക്ഷ്മി ഇനി ഡോക്ടർ, കലാഭവൻ മണിയുടെ ആഗ്രഹം നിറവേറ്റി മകൾ

മലയാളത്തിന്റെ കറുത്ത മുത്ത് കലാഭവൻ മണി വിടവാങ്ങി പത്തു വർഷങ്ങൾ പിന്നിടുമ്പോൾ, അദ്ദേഹം ബാക്കിവെച്ചുപോയ വലിയൊരു ആഗ്രഹം സഫലമാക്കി മകൾ ശ്രീലക്ഷ്മി. മണിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകളെ ഒരു ഡോക്ടറായി കാണുക എന്നത്. അച്ഛന്റെ അഭാവത്തിലും ആ ലക്ഷ്യത്തിലേക്ക് പതറാതെ നടന്നുനീങ്ങിയ ശ്രീലക്ഷ്മി എം.ബി.ബി.എസ് പൂർത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു എന്ന സന്തോഷവാർത്ത മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി രാമകൃഷ്ണനാണ് പങ്കുവെച്ചത്.

മകളെ ഒരു ഡോക്ടറാക്കണമെന്നും പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകുന്ന ഒരു ആശുപത്രി തുടങ്ങണമെന്നും മണി പലപ്പോഴും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എറണാകുളം ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ പഠനത്തിന് ശേഷം ഇപ്പോൾ ചാലക്കുടിയിലെ ‘മണിക്കൂടാരത്തിൽ’ അമ്മ നിമ്മിയോടൊപ്പമാണ് ശ്രീലക്ഷ്മി.

“ചേട്ടന്റെ ആഗ്രഹം പോലെ തന്നെ മകൾ ഡോക്ടറായി. പാവപ്പെട്ടവരുടെ ഡോക്ടറാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. മനസ്സ് പതറിപ്പോയ സാഹചര്യങ്ങളിലും അദ്ദേഹത്തിന്റെ ചിന്തകൾ മനസ്സിൽ സൂക്ഷിച്ചാണ് ഞങ്ങൾ മുന്നോട്ട് പോയത്,” ആർ.എൽ.വി രാമകൃഷ്ണൻ പറഞ്ഞു. തനിക്ക് ഡോക്ടറേറ്റ് ലഭിച്ചതും കലാമണ്ഡലത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ലഭിച്ചതും മണി ചേട്ടന്റെ ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമകളിലൂടെയും നാടൻപാട്ടുകളിലൂടെയും ഇന്നും മലയാളികളുടെ ഇടയിൽ ജീവിക്കുകയാണ് കലാഭവൻ മണി.

Tagged:

Leave a Reply

Your email address will not be published. Required fields are marked *