Home / Politics / കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കം; ആര്യ രാജേന്ദ്രനെയും സച്ചിൻ ദേവിനെയും കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി

നടു റോഡിൽ വാക്ക് തർക്കത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ യദുവിനെ തടഞ്ഞ കേസിലെ കുറ്റപത്രത്തിൽ നിന്നും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയേയും ഒഴിവാക്കി. മേയറുടെ സഹോദരൻ അരവിന്ദിന്റെ പേര് ഒഴിവാക്കിയിട്ടില്ല. 2024 ഏപ്രിൽ 27 നാണ് കേസിന് ആസ്പദമായ സംഭവം.

മേയറും എംഎൽഎയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയോ അസഭ്യം പറയുകയോ ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പേര് ഒഴിവാക്കിയിരിക്കുന്നത്. യദു നൽകിയ സ്വകാര്യ ഹർജി പരിഗണിച്ച് കേസ് എടുക്കാൻ കോടതി നിർദ്ദേശിച്ചത് പ്രകാരമാണ് കേസ് എടുത്തത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

സംഭവ ദിവസം രാത്രി 10 മണിക്കാണ് പാളയം സാഫല്യം കോംപ്ലക്സിന് മുന്നില്‍ വച്ച് ആര്യ രാജേന്ദ്രനും സച്ചിൻ ദേവും മറ്റ് കുടുംബ അംഗങ്ങളും സഞ്ചരിച്ചിരുന്ന കാർ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി വാക്കു തര്‍ക്കം ഉണ്ടായത്.

അതേസമയം, യദുവിനെതിരെ കെഎസ്ആർടിസി ഉടൻ കുറ്റപത്രം സമർപ്പിക്കും. മേയർ നൽകിയ പരാതിയിലെടുത്ത കേസിലാണ് യദുവിനെതിരെ കുറ്റപത്രം നൽകുന്നത്. മേയറേയും മറ്റുള്ളവരെയും അശ്ലീല ആംഗ്യം കാണിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നുമുള്ള പരാതിയിലാണ് മ്യൂസിയം പൊലീസ് കുറ്റപത്രം നൽകുന്നത്.

എന്നാൽ ഈ ബസിലെ മെമ്മറി കാർഡ് കാണാതായ കേസിൽ അന്വേഷണം എങ്ങുമെത്തിയിട്ടില്ല.

Tagged:

Leave a Reply

Your email address will not be published. Required fields are marked *