പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യാൻ ഫേസ്ബുക്കിന് കേരള പോലീസിന്റെ നിർദ്ദേശം. മനോരമ ന്യൂസ് എഡിറ്റർ ജോണി ലൂക്കോസുമായി വി.ഡി സതീശൻ നടത്തിയ ‘നേരേ ചൊവ്വേ’ എന്ന അഭിമുഖം പിൻവലിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. സൈബർ സെൽ വഴിയാണ് ഫേസ്ബുക്കിന് (മെറ്റ) ഔദ്യോഗികമായി നോട്ടീസ് നൽകിയത്.
അഭിമുഖം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തപ്പോഴുള്ള ചേരി തിരിഞ്ഞുള്ള കമെന്റുകൾ ക്രമസമാധാന പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നു കാണിച്ചാണ് കേരള പോലീസ് മെറ്റയെ സമീപിച്ചത്. അതേസമയം, പോലീസിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ നിരയിൽ നിന്ന് ഉയർന്നത്. മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാട്ടുന്ന ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിയും പോലീസും ശ്രമിക്കുന്നതെന്നും വി.ഡി സതീശൻ പ്രതികരിച്ചു. ജനാധിപത്യപരമായ സംവാദങ്ങളെ ഭയക്കുന്നതുകൊണ്ടാണ് സർക്കാർ ഇത്തരം നടപടികളിലേക്ക് കടക്കുന്നതെന്ന് മറ്റ് യു.ഡി.എഫ് നേതാക്കളും ആരോപിച്ചു.
സംഭവം വിവാദമായതിനെ തുടർന്ന് അഭിമുഖത്തിന്റെ നീക്കം ചെയ്ത ഭാഗങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് മെറ്റയ്ക്ക് കത്തയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന ചില പ്രത്യേക പരാമർശങ്ങൾ നീക്കം ചെയ്യാൻ മാത്രമാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും, പോസ്റ്റ് പൂർണ്ണമായി നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. എങ്കിലും, മെറ്റാ വീഡിയോ പൂർണ്ണമായും ഡിലീറ്റ് ചെയ്തിരുന്നു.










