ആരോഗ്യ മന്ത്രി വീണാ ജോർജിന് നേരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റു. റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ മന്ത്രിക്ക് നേരെ പ്രവർത്തകർ കരിങ്കൊടിയുമായി പാഞ്ഞടുക്കുകയായിരുന്നു. ഈ പ്രതിഷേധത്തിനിടെയുണ്ടായ ഉന്തും തള്ളിലുമാണ് മന്ത്രിക്കു പരിക്കേറ്റത്. എന്നാൽ കൃത്യമായി എങ്ങനെ പരിക്കേറ്റു എന്നത് ദൃശ്യങ്ങളിൽ നിന്നും വ്യക്തമല്ല.
സംഭവത്തെ തുടർന്ന് മന്ത്രിയെ ഉടൻ തന്നെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സർക്കാരിനെതിരെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് കെ.എസ്.യു സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു വരികയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂരിലെ റെയിൽവേ സ്റ്റേഷനിലും മന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് സ്ഥലത്തെത്തി നീക്കം ചെയ്തു.
മന്ത്രിയുടെ കഴുത്തിനും കൈയിലും പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരടക്കം സിപിഎമ്മിന്റെ നേതാക്കൾ എല്ലാം തന്നെ സംഭവത്തിൽ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്.










