Home / Kerala / പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, ആറ് അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ

എറണാകുളം പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനിയിൽ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദ്ദനം. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയിലെ ആറ് അതിഥി തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇയാളും ഒരു അതിഥി തൊഴിലാളിയാണെന്നാണ് സൂചന.

അസാം സ്വദേശികളായ അലാവുദ്ദീൻ, മിനാരുൾ, സാക്കിർ ഹുസൈൻ, ഹബീസുദീൻ, ഹസൻ അലി, മുസമ്മിൽ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂർ മുടിക്കലിലെ ‘എ എം വിനീർ’ എന്ന സ്ഥാപനത്തിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു കൊലപാതകം നടന്നത്. തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് മൂന്ന് സഹോദരങ്ങൾ ഉൾപ്പെടെയുള്ള ആറംഗ സംഘം യുവാവിനെ ആക്രമിച്ചത്.

പ്ലൈവുഡ് കമ്പനിയിൽ ഉപയോഗിക്കുന്ന കോർ കൊണ്ട് ശരീരമാകെ അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. മുഖത്തും വയറിലും കൈകാലുകളിലും ഗുരുതരമായ പരിക്കേറ്റ യുവാവിന്റെ പല്ലുകൾ ഒടിഞ്ഞ നിലയിലാണ്. ക്രൂരമായ മർദ്ദനത്തെത്തുടർന്നാണ് മരണം സംഭവിച്ചത്. പ്രതികളെ കമ്പനിയിൽ നിന്ന് തന്നെ പോലീസ് പിടികൂടി. മൃതദേഹം നിലവിൽ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *