തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ തലസ്ഥാന നഗരത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എക്സിലൂടെ’യായിരുന്നു പ്രധാന മന്ത്രിയുടെ പ്രതികരണം.
‘നന്ദി തിരുവനന്തപുരം,’ എന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സന്ദേശം ആരംഭിക്കുന്നത്. തിരുവനന്തപുരം കോർപറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെയും യുഡിഎഫിനെയും മടുത്തു കഴിഞ്ഞുവെന്നും, സദ്ഭരണത്തിനായി അവർ എൻഡിഎയെ ഉറ്റുനോക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി ബിജെപി nപ്രതിജ്ഞാബദ്ധമായിരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ‘വികസിത കേരളം’ എന്ന ഹാഷ്ടാഗോട് കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ചരിത്രത്തിലാദ്യമായാണ് തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 100 വാർഡുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ 50 സീറ്റുകളിലാണ് എൻഡിഎ വിജയിച്ചത്. സ്ഥാനാർത്ഥിയുടെ മരണം മൂലം വിഴിഞ്ഞം ഡിവിഷനിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. എൽഡിഎഫ് 29 സീറ്റുകളും യുഡിഎഫ് 19 സീറ്റുകളുമാണ് നേടിയത്.










