Home / Kerala / മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു

നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അമ്മ (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വീട്ടിൽ വിശ്രമത്തിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്. ഏറെ നാളായി പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിലായിരുന്നു അവർ. സംസ്കാരം ബുധനാഴ്ച നടക്കും.

തിരുവനന്തപുരം മുടവൻമുകൾ സ്വദേശിനിയായ ശാന്തകുമാരി അമ്മ ദീർഘകാലമായി മകനായ മോഹൻലാലിനൊപ്പം കൊച്ചിയിലായിരുന്നു താമസം. മുൻ നിയമവകുപ്പ് സെക്രട്ടറി പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരി ലാൽ ആണ് മറ്റൊരു മകൻ.

തന്റെ ജീവിതത്തിലും വിജയങ്ങളിലും അമ്മയ്ക്കുള്ള സ്വാധീനത്തെക്കുറിച്ച് മോഹൻലാൽ പലപ്പോഴും വൈകാരികമായി സംസാരിച്ചിട്ടുണ്ട്. അമ്മയുടെ രോഗാവസ്ഥയെക്കുറിച്ചും താൻ കണ്ണുകളിലൂടെയാണ് അമ്മയോട് സംസാരിക്കുന്നതെന്നും മുൻപ് ഒരു ബ്ലോഗ് കുറിപ്പിലൂടെ താരം പങ്കുവെച്ചിരുന്നു. അമ്മയുടെ കൈപിടിച്ചു നടന്നിരുന്ന കാലത്തെക്കുറിച്ചും പിന്നീട് അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ കുട്ടിയെപ്പോലെ പരിചരിച്ചിരുന്നതിനെക്കുറിച്ചും അദ്ദേഹം ഓർമ്മിക്കാറുണ്ട്. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഉൾപ്പെടെയുള്ള വലിയ നേട്ടങ്ങൾ ലഭിച്ചപ്പോഴും അമ്മയ്ക്കൊപ്പം ആ സന്തോഷം പങ്കുവെക്കാനായതാണ് ഏറ്റവും വലിയ ഭാഗ്യമെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.

ശാന്തകുമാരി അമ്മയുടെ വേർപാടിൽ സിനിമാ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അമ്മയുടെ മരണവാർത്ത അറിഞ്ഞ് സിനിമാരംഗത്തെ സഹപ്രവർത്തകരും സുഹൃത്തുക്കളും മോഹൻലാലിന്റെ എളമക്കരയിലെ വസതിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നടൻ മമ്മൂട്ടിയും അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *