Home / Kerala / മർദ്ദനം സ്ഥിരം സംഭവം; പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്

മർദ്ദനം സ്ഥിരം സംഭവം; പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്

ഗർഭിണിയെ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സി ഐ പ്രതാപചന്ദ്രനെതിരെ കൂടുതൽ പരാതികൾ പുറത്ത്. പ്രതാപചന്ദ്രനില്‍ നിന്നും മോശം അനുഭവം നേരിട്ടിരുന്നതായി വെളിപ്പെടുത്തി നിയമ വിദ്യാര്‍ത്ഥിനി പ്രീതി രാജ് രംഗത്തു വന്നു. സുഹൃത്തായ വനിത എസ്‌ഐയെ കാണാൻ പൊലീസ് സ്റ്റേഷനില്‍ ചെന്നപ്പോഴാണ് അവിടെ മഫ്തിയില്‍ ഉണ്ടായിരുന്ന പ്രതാപചന്ദ്രനിൽ മോശം അനുഭവം ഉണ്ടായതെന്ന് പ്രീതി പറഞ്ഞു.

ഇരുചക്രവാഹനത്തിലാണ് പ്രീതി രാജ് സ്റ്റേഷനിലെത്തിയത്. വണ്ടി പാര്‍ക്ക് ചെയ്യുന്നതിനിടെ സിഐ പ്രതാപചന്ദ്രന്‍ കൈകാണിച്ച് വിളിച്ച്, പ്രീതിയുടെ ഹെല്‍മറ്റ് ശരിയല്ലെന്ന് പറഞ്ഞു. വര്‍ഷങ്ങളായി ഉപയോഗിക്കുന്നതാണെന്ന് പ്രീതി മറുപടി പറഞ്ഞു. ഉടനെ പ്രതാപചന്ദ്രൻ ഫോണില്‍ പ്രീതിയുടെ ഫോട്ടോ എടുത്തു. തന്റെ ഫോട്ടോ എടുക്കരുതെന്നും വേണമെങ്കില്‍ വാഹനത്തിന്റെ എടുത്തോളു എന്ന് പ്രീതി പറഞ്ഞപ്പോൾ വളരെ മോശമായിട്ടാണ് പ്രതാപചന്ദ്രന്‍ പ്രതികരിച്ചതെന്നും പ്രീതി രാജ് പറഞ്ഞു.

ക്രിമിനലിനോടെന്ന പോലെയാണ് ഇടപെട്ടത്. ശബ്ദം കേട്ട് സുഹൃത്തായ വനിത എസ്‌ഐ വന്നതുകൊണ്ടാണ് താന്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ ഇപ്പോൾ മര്‍ദ്ദനമേറ്റ സ്ത്രീയുടെ അനുഭവം തനിക്കും ഉണ്ടായേനെയെന്ന് പ്രീതി പറയുന്നു. അന്ന് തന്നെ പ്രതാപചന്ദ്രനെതിരെ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. കമ്മീഷണര്‍ ഓഫീസില്‍ നേരിട്ടും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് പ്രീതി രാജ് പറഞ്ഞു.

പ്രതാപചന്ദ്രന്‍ തന്നെ അകാരണമായി മര്‍ദ്ദിച്ചതായി സ്വിഗ്ഗി ജീവനക്കാരനായ റിനീഷും വെളിപ്പെടുത്തി. 2023 ൽ റിനേഷ് ഒരു മാൻപവർ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്താണ് സംഭവം. ജോലിക്കിടെ ഒരു പാലത്തിനരികിൽ വിശ്രമിക്കുമ്പോൾ പ്രതാപചന്ദ്രൻ വന്ന്, എന്തിനാണ് അവിടെയിരിക്കുന്നത് എന്ന് ചോദിച്ച് ലാത്തിക്ക് അടിച്ചുവെന്ന് റിനീഷ് പറയുന്നു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ മുഖത്ത് അടിച്ചു. മർദ്ദനമേറ്റ് ഛർദ്ദിച്ച് അവശനായി ചികിത്സ തേടേണ്ടി വന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. അസിസ്റ്റന്റ് കമ്മീഷണർ മൊഴിയെടുത്തിരുന്നുവെന്നും എറണാകുളം സ്വദേശിയായ റിനീഷ് പറഞ്ഞു.

കൈക്കുഞ്ഞുമായി സ്റ്റേഷനിലെത്തിയ തൊടുപുഴ സ്വദേശിനി ഷൈമോളെ പ്രതാപചന്ദ്രൻ മർദ്ദിച്ചതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഇയാൾ നെഞ്ചത്തു പിടിച്ച് തള്ളുന്നതിന്റെയും മുഖത്ത് അടിക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പൊതുസ്ഥലത്തെ പൊലീസ് മർദനം മൊബൈലിൽ ചിത്രീകരിച്ചതിനു കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തിരക്കിയാണ് ​ഗർഭിണിയായ ഷൈമോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിയത്.

2024 ജൂണിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വ്യാഴാഴ്ചയാണ് പരാതിക്കാർക്ക് ലഭിച്ചത്. അന്ന് നോർത്ത് പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഓ ആയിരുന്ന പ്രതാപചന്ദ്രൻ ഇപ്പോൾ അരൂരിൽ സി ഐ ആണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *