Home / Kerala / മുനമ്പം ഭൂമി തർക്കം: അന്തിമ വിധി വരും വരെ കൈവശക്കാരിൽ നിന്നും കരം സ്വീകരിക്കണം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

മുനമ്പം ഭൂമി തർക്കം: അന്തിമ വിധി വരും വരെ കൈവശക്കാരിൽ നിന്നും കരം സ്വീകരിക്കണം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

മുനമ്പത്തെ ഭൂമി തർക്കത്തിൽ പ്രദേശവാസികൾക്ക് താൽക്കാലിക ആശ്വാസം. കേസിൽ അന്തിമ വിധി വരുന്നതുവരെ ഭൂമിയുടെ കൈവശക്കാരിൽ നിന്ന് കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് കേരള ഹൈക്കോടതി ഇടക്കാല നിർദ്ദേശം നൽകി.

റവന്യൂ അവകാശങ്ങൾ താൽക്കാലികമായെങ്കിലും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു വർഷത്തിൽ ഏറെയായി നിയമപോരാട്ടം നടത്തുന്ന 615 കുടുംബങ്ങൾക്ക് വലിയ ആശ്വാസമേകുന്നതാണ് ഹൈക്കോടതി ഉത്തരവ്.

മുനമ്പം ഭൂമി വഖഫ് സ്വത്തായി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ഇവിടെ തർക്കം തുടങ്ങുന്നത്. 2019-ലാണ് വഖഫ് ബോർഡ് ഈ ഭൂമി വഖഫ് രജിസ്റ്ററിൽ എഴുതിച്ചേർക്കുന്നത്. 2022-ൽ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോൾ കൈവശക്കാർക്ക് കരം ഒടുക്കാൻ സാധിച്ചിരുന്നുവെങ്കിലും, പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെ ഇവിടുത്തെ നിവാസികൾക്ക് റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെടുകയായിരുന്നു.

തുടർന്ന് പ്രദേശവാസികൾ മുനമ്പത്ത് സമരം ആരംഭിച്ചു. ഈ കേസിൽ നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഭൂമി വഖഫ് സ്വത്താണെന്ന് വിധിച്ചിരുന്നു. എന്നാൽ, ഇതിനെതിരെ സമരക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ആധാരപ്രകാരം ഭൂമി ഫറോക്ക് കോളജിന് നൽകിയ ദാനമായിരുന്നുവെന്നും, അത് തിരിച്ചെടുക്കാൻ വ്യവസ്ഥയുണ്ടായിരുന്നതിനാൽ ഭൂമി വഖഫ് അല്ലാതായി മാറിയെന്നും കഴിഞ്ഞ മാസം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സംസ്ഥാന സർക്കാരിന് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചുകൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

നിലവിൽ, ഡിവിഷൻ ബെഞ്ചിന്റെ ഈ വിധി ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി, ടി.എം. അബ്ദുൾ സലാം എന്നിവർ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നാണ് വഖഫ് സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഉന്നയിക്കുന്ന വാദം. ഈ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കൈവശക്കാർക്ക് കരം ഒടുക്കാനുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *