Home / Politics / ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പ്രതിഷേധവുമായി സംസ്ഥാന സർക്കാർ, ചടങ്ങ് ബഹിഷ്കരിക്കും

ദേശീയപാത ഉദ്ഘാടനം: മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി; പ്രതിഷേധവുമായി സംസ്ഥാന സർക്കാർ, ചടങ്ങ് ബഹിഷ്കരിക്കും

കേരളത്തിലെ ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംസ്ഥാന സർക്കാർ പരിപാടി ബഹിഷ്കരിക്കുന്നു. കൊച്ചിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ചടങ്ങിൽ നിന്നാണ് വകുപ്പ് മന്ത്രിയെ തഴഞ്ഞത്. ഇതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പരിപാടിയിൽ പങ്കെടുക്കില്ല.

സംസ്ഥാനത്തെ ദേശീയപാത വികസന ചരിത്രത്തിൽ ആദ്യമായാണ് ബന്ധപ്പെട്ട വകുപ്പ് മന്ത്രിയെ ഇത്തരം ഒരു ചടങ്ങിൽ നിന്ന് ഒഴിവാക്കുന്നത്. ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് നടന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ദേശീയപാത-66-ന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ സജീവമായി ഇടപെട്ടിട്ടും പൊതുമരാമത്ത് മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചില്ല. മന്ത്രിയെ ഒഴിവാക്കിയ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി എന്നിവർ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.

“എന്തിനാണ് എന്നെ ഒഴിവാക്കിയതെന്ന് അറിയില്ല. ഏത് മുന്നണി അധികാരത്തിലിരുന്നാലും വകുപ്പ് മന്ത്രിയെ ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ?” എന്ന് മുഹമ്മദ് റിയാസ് ചോദിച്ചു. മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും വിട്ടുനിൽക്കുമ്പോൾ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കൂടാതെ എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എംഎൽഎ ഉമാ തോമസ് എന്നിവർക്കും ക്ഷണമുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *