ദേശീയപാത 66-ൽ കൊല്ലം കൊട്ടിയത്തിനടുത്ത് മൈലക്കാട് ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷൻസിനെതിരെ കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചു. കമ്പനിയുടെ പ്രവർത്തനങ്ങൾ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു.
നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി രണ്ട് വിദഗ്ധ സമിതികൾ സ്ഥിരീകരിച്ചതിനെത്തുടർന്നാണ് നടപടി. മണ്ണ് പരിശോധനയിലും അടിത്തറ നിർമ്മാണത്തിലും വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് വിദഗ്ധ സമിതികൾ കണ്ടെത്തി. 30 അടിയോളം ഉയരത്തിൽ നിന്നാണ് നിർമ്മാണത്തിലിരുന്ന ഭാഗം തകർന്നുവീണത്.
സംഭവത്തിൽ കമ്പനിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരു മാസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ശിവാലയ കൺസ്ട്രക്ഷൻസിനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് (Blacklist) കേന്ദ്രം മുന്നറിയിപ്പ് നൽകി. കൺസൾട്ടൻസിയിലെ റെസിഡൻ്റ് എൻജിനീയറെയും കരാർ കമ്പനിയുടെ പ്രോജക്ട് മാനേജറെയും നേരത്തെ തന്നെ സ്ഥലം മാറ്റിയിരുന്നു.
അതേസമയം, അപകടത്തെക്കുറിച്ച് ദേശീയപാത അതോറിറ്റിയോ (NHAI) കരാറുകാരോ ഇതുവരെ വ്യക്തമായ വിശദീകരണം നൽകിയിട്ടില്ല. സമിതിയുടെ റിപ്പോർട്ട് മാത്രം കണക്കിലെടുത്ത് കേന്ദ്രം നടപടിയിലേക്ക് നീങ്ങിയത്.










