തിരുവനന്തപുരം കോർപറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ ശ്രീലേഖ. പാർട്ടി എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും നിലവിൽ കൗൺസിലർ എന്ന നിലയിൽ പ്രവർത്തിക്കുന്നതിൽ സന്തോഷവതിയാണെന്നും അവർ പറഞ്ഞു. ശാസ്തമംഗലത്ത് നിന്നാണ് ശ്രീലേഖ തിരഞ്ഞെടുക്കപ്പെട്ടത്.
മേയർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന ശ്രീലേഖയ്ക്ക് പദവി ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടിയിൽ ഭിന്നതയുണ്ടെന്നും അവർ അതൃപ്തിയിലാണെന്നും തരത്തിലുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. മേയർ സ്ഥാനം വാഗ്ദാനം ചെയ്തത് കൊണ്ടാണ് മത്സരിക്കാൻ തയ്യാറായതെന്ന് അവർ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ ഇത് ചർച്ച ആയതിന് തൊട്ട് പിന്നാലെ മലക്കം മറിഞ്ഞുള്ള പ്രതികരണവുമായി ശ്രീലേഖ രംഗത്തെത്തി.
“ഭാരതീയ ജനതാ പാർട്ടി എന്ന മഹത്തായ പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ സാധിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു. മേയർ സ്ഥാനം ലഭിക്കാത്തതിൽ എനിക്ക് പരിഭവമോ അതൃപ്തിയോ ഇല്ല. എന്നെ വിജയിപ്പിച്ച ശാസ്തമംഗലത്തെ ജനങ്ങൾക്കൊപ്പമുണ്ടാകും. അഞ്ച് വർഷം കൗൺസിലറായി തുടർന്ന് വാർഡിന്റെ വികസനത്തിനായി പ്രവർത്തിക്കാനാണ് ഇപ്പോൾ ആഗ്രഹിക്കുന്നത്,” ശ്രീലേഖ പറഞ്ഞു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നുവെന്നും പാർട്ടി ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറാണെന്നും ശ്രീലേഖ കൂട്ടിച്ചേർത്തു.
കോർപറേഷനിൽ ബിജെപി അധികാരത്തിലെത്തിയതോടെ വി വി രാജേഷിനെ മേയറാക്കാനായിരുന്നു പാർട്ടി തീരുമാനം. ഇതിന് മുന്നോടിയായി ശ്രീലേഖയുടെ പേരും സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ അവസാന നിമിഷം രാജേഷിനെ നിശ്ചയിച്ചതോടെ ശ്രീലേഖ നേതൃത്വവുമായി അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.










