വീട്ടിലല്ല, ജനങ്ങള്‍ തെരുവിലിറങ്ങി മുഖ്യമന്ത്രിയുടെ ദുഷ് ചെയ്തികള്‍ ചോദ്യം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ, ചോദ്യം ചോദിച്ച ആളിനോട് വീട്ടിൽ പോയി ചോദിയ്ക്കാൻ പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയോട് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പാടില്ല. ഓള്‍ ഇന്ത്യ റേഡിയോയാണ്. ഇന്നലെ ഒരാള്‍ ചോദ്യം ചോദിച്ചപ്പോള്‍ വീട്ടില്‍ പോയി ചേദിക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. വീട്ടില്‍ അല്ല, തെരുവില്‍ ഇറങ്ങി ജനങ്ങള്‍ നിങ്ങളുടെ ദുഷ് ചെയ്തികളെ കുറിച്ച് ചോദിക്കും. നിങ്ങളെക്കൊണ്ട് ജനങ്ങള്‍ മറുപടി പറയിക്കുമെന്നും വി ഡി സതീശൻ പെരുമ്പാരൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഡീല്‍ എന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി പ്രകോപിതനായി. പാലക്കാടിനെയും കോന്നിയെയും റാന്നിയെയും കുറിച്ചാണ് ഇന്നലെ പറഞ്ഞത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വോട്ട് പിടിച്ച ഏറ്റുമാനൂരില്‍ ഇത്തവണ 20 ട്വന്റിയാണ് സ്ഥാനാര്‍ത്ഥി. തൃപ്പൂണിത്തുറയില്‍ ബി.ജെ.പി 23000 വോട്ട് പിടിക്കുകയും മുന്‍സിപ്പാലിറ്റി പിടിക്കുകയും ചെയ്ത സ്ഥലമാണ്. അവിടെയും ബി.ജെ.പിക്ക് സ്ഥാനാര്‍ത്ഥിയില്ല. 20 ട്വന്റിയാണ് സ്ഥാനാര്‍ത്ഥി. ചെങ്ങന്നൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി. പക്ഷെ പാര്‍ട്ടിക്കുള്ളില്‍ കലാപമാണ്. ആറന്മുളയിലും ഘടകക്ഷിക്ക് കൊടുക്കുന്നതിന് എതിരെ കലാപം ഉണ്ടായപ്പോഴാണ് കുമ്മനത്തിന് സീറ്റ് നല്‍കിയത്. കാസര്‍കോടും മഞ്ചേശ്വരവും റാന്നിയും കോന്നിയും ചെങ്ങന്നൂരും ഏറ്റുമാനൂരും തൃപ്പൂണിത്തുറയും ഉള്‍പ്പെടെ നിരവധി സീറ്റുകളില്‍ ഡീല്‍ ആണ്. മുഖ്യമന്ത്രി എന്തിനാണ് പ്രകോപിതനാകുന്നത്?
കോലിബി എന്ന് പറയുന്ന അതേ മുഖ്യമന്ത്രിയല്ലേ 1977-ല്‍ ആര്‍.എസ്.എസ് പിന്തുണയില്‍ എം.എല്‍.എയായി വിജയിച്ചത്. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ് നേതാക്കളുമായി മാസ്‌കറ്റ് ഹോട്ടലിലെ അടച്ചിട്ട മുറിയില്‍ രഹസ്യചര്‍ച്ച നടത്തിയത് പിണറായി വിജയനാണ്. അല്ലാതെ വി.ഡി സതീശനല്ല. എ.ഡി.ജി.പി അജിത് കുമാര്‍ എന്തിനാണ് ആര്‍.എസ്.എസ് നേതാവിനെ കാണാന്‍ പോയത്. എല്ലാം പരസ്യമായ രഹസ്യമാണ്. ഇത്തവണത്തെ ഡീല്‍ യു.ഡി.എഫ് പൊളിച്ചടുക്കും.
മുഖ്യമന്ത്രി മലയാള ഭാഷയ്ക്ക് സംഭവന ചെയ്ത ചില വാക്കുകളുണ്ട്. പരനാറി, കുലംകുത്തി, ചെറ്റ. ഇപ്പോള്‍ ഐസക്കിന്റെ സംഭാവനായാണ് കോമാളി. ഒരു കലാകാരനെ കോമാളിയെന്ന് വിളിക്കുന്ന തരത്തിലേക്ക് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധപതിച്ചിരിക്കുകയാണ്. സിനിമയില്‍ ഹാസ്യ വേഷം ചെയ്തു എന്നതിന്റെ പേരില്‍ ഒരു കലാകാരനെ കോമാളിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ.് ചെറ്റ എന്ന വാക്ക് ചാരുതയുള്ള പ്രയോഗമാണെന്നാണ് പോളിറ്റ് ബ്യൂറോ അംഗം പറഞ്ഞത്. ഭാഷയിലും സാംസ്‌കാരിക ഇടങ്ങളിലും പൊതുമണ്ഡലത്തിലും ഇവരുടെ നാവില്‍ നിന്നും പെയ്തു വീണ വൃത്തികെട്ട വാക്കുകള്‍ ശുചീകരിക്കാന്‍ സാംസ്‌കാരിക ഹരിതസേന രൂപീകരിക്കേണ്ടി വരും.
ഞങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. രാഹുല്‍ ഗാന്ധി സാധാരണക്കാരെ ചേര്‍ത്ത് പിടിക്കുന്ന അഞ്ച് ഗ്യാരണ്ടികള്‍ പ്രഖ്യാപിച്ചു. നിരവധി പദ്ധതികളും പ്രഖ്യാപിച്ചു. അതാണ് രക്ഷാ പ്രവര്‍ത്തനം. അല്ലാതെ ചെടിച്ചട്ടി കൊണ്ടും സെക്യൂരിറ്റി ഗാര്‍ഡിന്റെ വടി കൊണ്ടും ചെറുപ്പക്കാരെ തല്ലിച്ചതയ്ക്കുന്നതല്ല രക്ഷാപ്രവര്‍ത്തനം.
നാട് മുഴുവന്‍ വ്യഭിചരിച്ചു നടന്നവനെ പ്രതിപക്ഷ നേതാവ് പിന്തുണച്ചെന്ന് മുഖ്യമന്ത്രി പ്രസംഗിച്ചിട്ടുണ്ട്. പിണറായി വിജയന്‍ സ്വയം കണ്ണാടി നോക്കിയാല്‍ മതി. പി.ടി കുഞ്ഞുമുഹമ്മദിന് എതിരെ ചലച്ചിത്ര പ്രവര്‍ത്തക നല്‍കിയ പരാതി പൊലീസിന് നല്‍കാതെ പൂഴ്ത്തിവച്ച മുഖ്യമന്ത്രിയുടെ മുഖം കണ്ണാടിയില്‍ കാണാം. കൊല്ലം എം.എല്‍.എയ്ക്ക് എതിരെ ആക്ഷേപം വന്നിട്ടും ഒരു നടപടിയും എടുക്കാത്ത പിണറായി വിജയന്റെ മുഖവും കണ്ണാടിയില്‍ കാണാം.
മിസ്റ്റര്‍ പിണറായി വിജയന്‍ നിങ്ങള്‍ അവളോടൊപ്പമല്ല, വൃത്തികേട് കാണിക്കുന്നവന്‍മാര്‍ക്കൊപ്പമാണ്. വൃത്തികേടും തോന്ന്യാസവും കാണിക്കുന്നവര്‍ക്കൊപ്പവും അയ്യപ്പന്റെ സ്വര്‍ണം കക്കുന്നവര്‍ക്കും ഒപ്പമാണ്. നിങ്ങള്‍ സ്ത്രീകളെ അപമാനിച്ചവര്‍ക്കൊപ്പമാണ്. കണ്ണാടി നോക്കിയാല്‍ നിങ്ങള്‍ വൃത്തികെട്ടവന്‍മാര്‍ക്കൊപ്പമാണെന്ന് മനസിലാകും.
മോഹന്‍ലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പതിനൊന്നേകാല്‍ ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത്. കഴിഞ്ഞ ആറു മാസമായി ആയിരക്കണക്കിന് കോടി രൂപയാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിച്ചത്. പി.ആര്‍.ഡി സ്ഥാപിച്ച ഹോള്‍ഡിംഗുകളാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ഹോള്‍ഡിംഗുകളായി മാറിയത്. സര്‍ക്കാര്‍ ചെലവില്‍ എല്ലാ പരസ്യങ്ങളും നല്‍കുകയാണ്. ഒരു സര്‍ക്കാരും ചെയ്യാത്ത രീതിയിലാണ് നികുതി പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. മോഹന്‍ലാലുമായി മുഖ്യമന്ത്രി നടത്തിയ സംഭാഷണത്തെ പ്രതിപക്ഷം വിമര്‍ശിച്ചില്ല. പക്ഷെ അതൊക്കെ നാട്ടുകാരുടെ ചെലവില്‍ വേണ്ട. ആ പണം പിണറായി വിജയന്‍ ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.










