ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട്, പമ്പയിൽ നടന്ന ആഗോള അയ്യപ്പ സംഗമവും പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) പരിധിയിലേക്ക്. ഹൈക്കോടതിയിൽ എസ്ഐടി സമർപ്പിച്ച റിപ്പോർട്ടിലാണ് അയ്യപ്പ സംഗമത്തെക്കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകളുള്ളത്. പി.എസ് പ്രശാന്ത് ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് നടന്ന സംഗമത്തെക്കുറിച്ചാണ് റിപ്പോർട്ടിലെ പരാമർശങ്ങൾ. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി തെളിച്ച ആഗോള അയ്യപ്പ സംഗമം നടന്നത്.
അയ്യപ്പ സംഗമം നടത്താനുള്ള തീരുമാനം ദേവസ്വം യോഗത്തിന്റെ മിനുട്‌സിൽ രേഖപ്പെടുത്തിയിട്ടില്ലെന്നത് അന്വേഷണ സംഘം ഗൗരവത്തോടെയാണ് കാണുന്നത്. സംഗമത്തിനായുള്ള ഫണ്ട് വിനിയോഗത്തിലും വലിയ രീതിയിലുള്ള അവ്യക്തതകൾ ഉണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി ദേവസ്വം ബോർഡ് തിങ്കളാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിൽ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ടും ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. അയ്യപ്പ സംഗമത്തിനായി സർക്കാരിൽ നിന്നോ ദേവസ്വം ബോർഡിൽ നിന്നോ പണം എടുക്കരുതെന്ന് കോടതി നേരത്തെ കർശന നിർദ്ദേശം നൽകിയിരുന്നു. സ്പോൺസർഷിപ്പിലൂടെ തുക കണ്ടെത്തുമെന്നായിരുന്നു ബോർഡ് വ്യക്തമാക്കിയിരുന്നത്. ഏകദേശം എട്ടു കോടി രൂപ ചെലവ് വരുമെന്ന് കരുതിയ പരിപാടിക്ക് മുഴുവൻ തുകയും സ്പോൺസർഷിപ്പിലൂടെ ലഭിച്ചോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. നിലവിൽ ദേവസ്വം ബോർഡിന്റെ സർപ്ലസ് ഫണ്ടിൽ നിന്നാണ് 3.4 കോടി രൂപ ഇതിനായി ചെലവാക്കിയിരിക്കുന്നത്.
അതേസമയം, ശബരിമല കൊടിമര പുനർനിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ എസ്ഐടിയുടെ കസ്റ്റഡിയിലാണ്. ഈ രേഖകൾ വിട്ടുകിട്ടുന്നതിനായി വിജിലൻസ് ഉടൻ എസ്ഐടിക്ക് കത്ത് നൽകും. കൊടിമര നിർമ്മാണത്തിനായി ഭക്തർ നൽകിയ സ്വർണം സ്വീകരിച്ചതിൽ ക്രമക്കേട് നടന്നതായി വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിൽ സ്വർണം നൽകിയവരുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിലും നടപടിക്രമങ്ങൾ പാലിക്കുന്നതിലും വലിയ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് സൂചന.









