ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ച നടപടിക്കെതിരെ കടുത്ത വിമർശനവുമായി കെ കെ. രമ എംഎൽഎ. പ്രതികൾക്ക് എല്ലാ ആനുകൂല്യങ്ങളും സർക്കാർ നൽകുമെന്നും, ഈ സർക്കാരിന്റെ കാലാവധി കഴിയുന്നതിന് മുൻപ് തന്നെ പ്രതികളെ ജയിലിൽ നിന്ന് മോചിപ്പിക്കാനുള്ള നീക്കങ്ങളാണ് അണിയറയിൽ നടക്കുന്നതെന്നും രമ ആരോപിച്ചു.
ഇത് നിയമാനുസൃതമായ പരോൾ ആണെന്നാണ് ജയിൽ അധികൃതർ പറയുന്നത്. എന്നാൽ ജയിലിലെ മറ്റ് സാധാരണ തടവുകാർക്ക് ഇത്തരത്തിൽ തുടർച്ചയായി പരോൾ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് രമ ചോദിച്ചു.
പ്രതികളെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. സിപിഎം അവർക്ക് നൽകിയ വാക്കാണത്. പ്രതികളുടെ കുടുംബങ്ങൾക്ക് മാസാമാസം പണം ലഭിക്കുന്നുണ്ടെന്നും ഇതിനുള്ള സൗകര്യങ്ങൾ പാർട്ടി ചെയ്തുനൽകുന്നുണ്ടെന്നും രമ ആരോപിച്ചു.
ജയിൽ ഡിഐജി വിനോദ് കുമാർ കൊടി സുനി അടക്കമുള്ള പ്രതികളിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജയിലിനുള്ളിൽ കഴിയുന്ന കൊടി സുനിയ്ക്ക് ഇത്രയും വലിയ തുക എവിടെനിന്നാണ് ലഭിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും രമ ആവശ്യപ്പെട്ടു.
കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. രണ്ടര മാസം ജയിലിൽ കഴിഞ്ഞാൽ ലഭിക്കുന്ന സ്വാഭാവിക പരോൾ ആണിതെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. കഴിഞ്ഞ ദിവസം കേസിലെ മറ്റൊരു പ്രതിയായ ടികെ രജീഷിനും പരോൾ ലഭിച്ചിരുന്നു.
ജയിൽ ചട്ടങ്ങൾ ലംഘിച്ച് പ്രതികൾക്ക് വഴിവിട്ട സഹായം നൽകുന്നതിനെതിരെ നിയമസഭയിലും പുറത്തും വലിയ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷത്തിന്റെ നീക്കം. കൊടി സുനിക്ക് ഏഴ് മാസത്തിനിടെ 60 ദിവസത്തെ പരോൾ ലഭിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. ജയിൽ ഡിഐജിക്കെതിരായ വിജിലൻസ് കണ്ടെത്തലുകൾ കൂടി പുറത്തുവന്ന സാഹചര്യത്തിൽ സർക്കാർ പ്രതിരോധത്തിലായിരിക്കുകയാണ്.









