ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ദൈവത്തെ പോലും കൈള്ളയടിക്കുന്ന ഇടതുസര്‍ക്കാരിനെ തിരഞ്ഞെടുപ്പില്‍ ജനം പുറത്തിരുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവും രാജ്യസഭാംഗവുമായ രേണുക ചൗധരി എം.പി. കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഇടതു സര്‍ക്കാരിന്റെ കാലത്ത് ശബരിമല കൊള്ളയടിക്കപ്പെട്ടിരിക്കുകയാണ്. വിശ്വാസികളുടെ സ്വര്‍ണം നഷ്ടപ്പെട്ടു എന്നതിലുപരി ഇവർ ജനങ്ങളുടെ വിശ്വാസത്തെയാണ് ഇവിടെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. ഹിന്ദുക്കളുടെ സംരക്ഷകരാണ് തങ്ങളെന്ന് സ്വയം അവകാശപ്പെടുന്ന ബി.ജെ.പി ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒന്നും ചെയ്യാതെ മാറി നില്‍ക്കുകയാണ്. കേരളത്തില്‍ അല്ലാതെ മറ്റേതെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനത്താണ് ഇത്തരമൊരു സംഭവം നടന്നതെങ്കില്‍ അവിടെ ഇ.ഡിയും സി.ബി.ഐയും പറന്നിറങ്ങിയേനെ. എന്നാല്‍ കേരളത്തില്‍ ഇതു നടന്നില്ലയെന്നതു തന്നെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ പിണറായി സര്‍ക്കാരിനെ സംരക്ഷിക്കുന്നുവെന്നതിന് തെളിവാണ്. സി.പി.എമ്മും ബി.ജെ.പിയുമായിയുള്ളത് ഭായ് -ഭായ് ബന്ധമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
ഇറാന് യുദ്ധത്തിന്റെ ഭാഗമായി രാജ്യത്ത് ഇന്ധനക്ഷാമം രൂക്ഷമാകുമ്പോഴും കഴിഞ്ഞ മൂന്നാഴ്ചയായി പാര്‍ലമെന്റില്‍ എത്താതെ ജനങ്ങളോട് സാഹചര്യം വ്യക്തമാക്കാതെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഓടി നടക്കുകയാണ്. ഇന്ത്യയുടെ വിദേശ നയത്തെ ഇല്ലാതാക്കിയ മോദി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ ഫലമാണ് ഇന്ന് ഇന്ത്യ അനുഭവിക്കുന്നത്. ഒരേ സമയം റഷ്യയിലെയും അമേരിക്കയിലെയും നേതാക്കളെ കെട്ടിപ്പിടിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നും രേണുക പറഞ്ഞു.
കേരളത്തിലെ സ്ത്രീകള്‍ നേരിടുന്നത് വല്ലാത്ത പ്രതിസന്ധിയാണ്. രാജ്യത്ത് ഏറ്റവും അധികം സാക്ഷരതയുള്ള കേരളത്തില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളിലും മുന്നിലാണെന്നത് വേദനാജനകമാണ്. ഇതിന് പുറമേ വിലക്കയറ്റവും തൊഴില്ലായ്മയും കേരളത്തിലെ സ്ത്രീകളെ നട്ടം തിരിക്കുന്നുണ്ട്. കൂടാതെ യുദ്ധം മൂലം എല്‍പിജി ക്ഷാമം കൂടിയായപ്പോള്‍ കുടുംബത്തിന്റെ ബജറ്റു തന്നെ അവതാളത്തിലായി. ഇതിനൊരു മാറ്റം കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാരിന് സാധിക്കും. അതുകൊണ്ട് തന്നെ സ്ത്രീകള്‍ക്ക് കെ.എസ്.ആര്.ടി.സിയില്‍ സൗജന്യയാത്രയും കോളേജ് വിദ്യാത്ഥിനികള്‍ക്ക് 1000 രൂപ സ്കോളര്‍ഷിപ്പും കുടുംബങ്ങള്‍ക്ക് വലിയ തണലാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇവയൊന്നും സൗജന്യങ്ങളല്ല പകരം സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.









