പിണറായി വിജയന്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിക്കുന്നത് അമിത് ഷായുടെയും മോദിയുടെയും ഗുഡ്ബുക്കില്‍ കയറുന്നതിനു വേണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേസുകള്‍ കാട്ടി പിണറായി വിജയനെ ബി.ജെ.പി ബ്ലാക്ക്‌മെയില്‍ ചെയ്യുകയാണെന്നും അദ്ദേഹം കുന്നത്തൂരിൽ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
തൃശൂര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കരുവന്നൂര്‍ കേസ് ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്തതു പോലെ പിണറായി വിജയനെ ബി.ജെ.പി ഇപ്പോഴും ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. രാഹുല്‍ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിച്ചാല്‍ മോദിയുടെയും അമിത് ഷായുടെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് കിട്ടുമെന്നതിനാല്‍ അവര്‍ക്ക് മുന്നില്‍ 90 ഡിഗ്രി കുനിഞ്ഞാണ് പിണറായി വിജയന്‍ നില്‍ക്കുന്നത്. അമിത് ഷായും മോദിയും പറഞ്ഞാല്‍ പിണറായി വിജയന്‍ ഏത് പേപ്പറിലും ഒപ്പിട്ട് കൊടുക്കും. പി.എം ശ്രീയില്‍ ഒപ്പിട്ടത് മറച്ചുവച്ച് മന്ത്രിസഭ യോഗത്തില്‍ സി.പി.ഐ മന്ത്രിമാരെ കബളിപ്പിച്ച ആളാണ് പിണറായി വിജയന്‍. ബി.ജെ.പിയെ സുഖിപ്പിക്കാനാണ് പിണറായി വിജയന്‍ പി.എം ശ്രീയില്‍ ഒപ്പിട്ട കാര്യം സ്വന്തം മന്ത്രിമാരില്‍ നിന്നും മറച്ചു വച്ചത്.
ഫാഷിസത്തിനും ഏകാധിപത്യത്തിനും വര്‍ഗീയതയ്ക്കും മോദിക്കും എതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന രാഹുല്‍ ഗാന്ധിയെ വേട്ടയാടുകയാണ്. 55 മണിക്കൂറാണ് ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെും ചോദ്യം ചെയ്തത് ഡീല്‍ ആയിരുന്നോയെന്ന് പിണറായി വിജയന്‍ പറയണം. ബി.ജെ.പിക്കാരുടെ നല്ല പുസ്തകത്തില്‍ കയറി കേസില്‍ നിന്നെല്ലാം തലയൂരാന്‍ പിണറായി നോക്കിക്കോ. പക്ഷെ രാഹുല്‍ ഗാന്ധിക്ക് നേരെ വേണ്ട.
ഒരിക്കലും ഒരു രാഷ്ട്രീയ നേതാവും നടത്താന്‍ പാടില്ലാത്ത അധിക്ഷേപകരമായ പരാമര്‍ശമാണ് കായംകുളത്ത് ഉണ്ടായത്. പക്ഷെ അത് അറിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അയാളെ മുസ്ലീലീഗ് പുറത്താക്കി. നടപടി എടുത്ത ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. അടര്‍ത്തി മാറ്റി വിവാദമാക്കിയതാണെന്ന് ആരും പറഞ്ഞില്ല. എല്ലാവരും അതിനെ അപലപിക്കുകയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പക്ഷെ രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സി.പി.എം പി.ബി അംഗം എ. വിജയരാഘവന് എതിരെ എന്ത് നടപടിയാണ് എടുത്തത്?
കെ.കെ രമയ്‌ക്കെതിരെ സി.പി.എം നേതാക്കള്‍ നടത്തിയ അധിക്ഷേപത്തിലും ഒരു നടപടിയുമുണ്ടായില്ല. വീണ എസ്. നായര്‍ക്കെതിരായ അധിക്ഷേപത്തിലും നടപടി ഇല്ല. പുതുപള്ളി തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന് എതിരെയും സി.പിഎം മോശം പരാമര്‍ശം നടത്തി. സെക്രട്ടേറിയറ്റിലെ സി.പി.എം നേതാവിനെതിരെ പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ നിര്‍വാഹമില്ലെന്ന മറുപടി എന്റെ ഓഫീസിലുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ മകള്‍ക്കെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സി.പി.എം നേതാക്കള്‍ക്കെതിരെ പോലും നടപടിയില്ല.
ആര്‍ഷോ എന്ന എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ വിജയിച്ചെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖില നന്ദകുമാറിനെതിരെ എന്തൊക്കെ പരാമര്‍ശങ്ങളാണ് നടത്തിയത്. ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനും സ്മൃതി പരുത്തിക്കാടിനും എതിരെ എന്തൊക്കെ പരാമര്‍ശങ്ങളാണ് നടത്തിയത്. വനിത മാധ്യമ പ്രവര്‍ത്തകരെ അശ്ലീലകരമായ പരാമര്‍ശങ്ങള്‍ നടത്തി വേട്ടയാടിയപ്പോള്‍ ഇവരൊക്കെ എവിടെയായിരുന്നു? പക്ഷെ യു.ഡി.എഫ് മണിക്കൂറുകള്‍ക്കകമാണ് നടപടി എടുത്തത്. ഇരയായി നില്‍ക്കുന്നവരെ കുറിച്ച് ഒന്നും പറയുന്നില്ല. മാധ്യമ പ്രവര്‍ത്തകരായ നിങ്ങളെ കുറിച്ച് അവര്‍ അന്ന് പറഞ്ഞത് നിങ്ങള്‍ തന്നെ തൊട്ടപ്പുറത്തേക്ക് ഇട്ടുകൊടുത്താല്‍ മതി. പി.ബി അംഗം മുതല്‍ സാധാരണ പ്രവര്‍ത്തകര്‍ വരെ സ്ത്രീകളെ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും ഒരുത്തനെതിരെ സി.പി.എം നടപടി എടുത്തോ?
അങ്ങനെയുള്ള സി.പി.എം ഞങ്ങളെ കണ്ട് പഠിക്കണം. മണിക്കൂറുകള്‍ക്കകം നടപടി എടുത്ത യു.ഡി.എഫിനെ കണ്ട് പഠിക്കാന്‍ ജനങ്ങള്‍ സി.പി.എമ്മിനോട് പറയും. പാലക്കാട് എം.എല്‍.എയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അതിജീവിതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാല്‍ അങ്ങനെയുള്ളവര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന നിലപാട് എടുത്തവരാണ് ഞങ്ങള്‍. മുഖ്യമന്ത്രിയെ പോലെ ഇരട്ടത്താപ്പല്ല ഞങ്ങളുടെ നിലപാട്. നിലപാടില്‍ ഞങ്ങള്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേസെടുക്കാന്‍ തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷണറുടെ സാന്നിധ്യത്തിലാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. അഡ്വക്കേറ്റ് കമ്മിഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ ഹൈക്കോടതി അഭിനന്ദിച്ചിട്ടുമുണ്ട്. സ്വര്‍ണക്കൊള്ളയുടെ ഗൗരവം കുറയ്ക്കാന്‍, ഞങ്ങള്‍ മാത്രമല്ല, അവരും കട്ടെന്നു കാണിക്കാന്‍ കൊണ്ടുവന്നതാണ് ഈ ആരോപണമെന്നും വി ഡി സതീശൻ പറഞ്ഞു.










