Home / Politics / ‘പാർട്ടിയേക്കാൾ വലുതെന്ന ഭാവം,’ ആര്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി ബാബു

‘പാർട്ടിയേക്കാൾ വലുതെന്ന ഭാവം,’ ആര്യയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായത്രി ബാബു

തിരുവനന്തപുരം കോർപറേഷനിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി. മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി യുവ നേതാവ് ഗായത്രി ബാബു രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഗായത്രി ബാബു ആര്യ രാജേന്ദ്രന്റെ പ്രവർത്തനശൈലിക്കെതിരെ ആഞ്ഞടിച്ചത്. ആര്യ നയിച്ച കൗൺസിലിൽ ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷയായിരുന്നു ഗായത്രി.

പാർട്ടിയേക്കാൾ വലുതാണെന്ന ഭാവവും, അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവുമാണ് ആര്യ രാജേന്ദ്രനെന്ന് ഗായത്രി വിമർശിച്ചു. അധികാരത്തിൽ മുകളിലുള്ളവരോട് മാത്രം കാണിക്കുന്ന അതിവിനയവും, മേയർ ഓഫീസ് സ്വന്തം കരിയർ ബിൽഡിങ്ങിനുള്ള കോക്കസാക്കി മാറ്റിയതുമാണ് തിരിച്ചടിക്ക് കാരണമെന്നും ഗായത്രി ആരോപിക്കുന്നു. തന്നെ കാണാൻ വരുന്നവരെ പോലും ഗൗനിക്കാത്ത മനോഭാവവും പ്രാദേശിക നേതാക്കളെ അവഗണിച്ചതും ഇത്ര വലിയ പരാജയത്തിലേക്ക് നയിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

“ഏത് തിരിച്ചടിയിലും ഇടതുപക്ഷത്തെ ചേർത്ത് പിടിച്ച കോർപറേഷനാണ് തിരുവനന്തപുരം. എന്നാൽ ഇത്തവണ ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളിൽ എൽഡിഎഫ് മികച്ച പ്രകടനം നടത്തിയപ്പോൾ കോർപറേഷനിൽ മാത്രം കാലിടറിയത് നേതൃത്വത്തിന്റെ വീഴ്ചയാണ്,” ഗായത്രി കുറിച്ചു.

2020-ൽ വഞ്ചിയൂർ വാർഡിൽ നിന്നുള്ള കൗൺസിലറായിരുന്ന ഗായത്രി ബാബു, സിപിഎം പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന്റെ മകളാണ്. കഴിഞ്ഞ തവണ മേയർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നവരിൽ പ്രമുഖയായിരുന്നു ഗായത്രി. വിവാദമായതോടെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു. ഇത്തവണ വഞ്ചിയൂരിൽ നിന്ന് വിജയിച്ചത് വഞ്ചിയൂർ ബാബുവാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *