പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും ഇടയിൽ മധ്യവർത്തിയായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എം.പിയാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വെളിപ്പെടുത്തി. രാജ്യസഭയിലായിരുന്നു കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തൽ.
പദ്ധതിയിൽ ചേരാൻ കേരളം തീരുമാനിച്ചതിൽ ജോൺ ബ്രിട്ടാസ് വഹിച്ച പങ്ക് അഭിനന്ദനാർഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേരള വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നേരിട്ട് തന്നെ കണ്ട് പദ്ധതിയിൽ ചേരാനുള്ള സമ്മതം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്നതിൽ വ്യക്തതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിനുള്ളിലെ ആഭ്യന്തര തർക്കങ്ങൾ കാരണമാണ് പദ്ധതി നടപ്പാക്കുന്നതിൽ തടസ്സം നേരിട്ടതെന്നാണ് മനസ്സിലാക്കുന്നതെന്ന് ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ആശയക്കുഴപ്പം സൃഷ്ടിച്ചത് സംസ്ഥാന സർക്കാർ തന്നെയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ മുന്നണിയിലോ മന്ത്രിസഭയിലോ മതിയായ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനമെടുത്തതെന്ന വിമർശനവുമായി സിപിഐ തന്നെ രംഗത്ത് വന്നു. പി.എം. ശ്രീ പദ്ധതിയിൽ ചേരേണ്ടതില്ലെന്നായിരുന്നു കേരളത്തിന്റെ ആദ്യ തീരുമാനം. എന്നാൽ കഴിഞ്ഞ ഒക്ടോബറിൽ പദ്ധതിയിൽ ചേരാൻ തീരുമാനിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. പിന്നീട് സിപിഐ യുടെ ശക്തമായ വിയോജിപ്പിൽ സർക്കാർ തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. സിപിഐ യുടെ സമ്മർദ്ദം മൂലം തുടർ നടപടികൾ നിറുത്തി വയ്ക്കാൻ ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ദേശീയ വിദ്യാഭ്യാസ നയം (NEP) പൂർണ്ണമായി നടപ്പാക്കില്ലെന്നും, കേന്ദ്ര സഹായം ലഭ്യമാക്കാനാണ് കരാറിൽ ഒപ്പിട്ടതെന്നുമായിരുന്നു സംസ്ഥാന സർക്കാരിന്റെ വിശദീകരണം. ഇതിനിടെയാണ് ജോൺ ബ്രിട്ടാസ് എം.പിയുടെ ഇടപെടലിനെക്കുറിച്ച് കേന്ദ്രമന്ത്രി വെളിപ്പെടുത്തിയിരിക്കുന്നത്.










