മിഷേല്‍ ഷാജിയുടെ പിതാവും സഹോദരനും പ്രതിപക്ഷ നേതാവിനെ സന്ദര്‍ശിച്ച് നിവേദനം നല്‍കി. അന്വേഷണത്തില്‍ പൊലീസ് നീതി നിഷേധിച്ചെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടാണ് പിറവം എം.എല്‍.എ അനൂപ് ജേക്കബ്ബിനൊപ്പം മിഷേലിന്റെ കുടുംബം പ്രതിപക്ഷ നേതാവിനെ കണ്ടത്.
ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്തിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അന്തിമ റിപ്പോര്‍ട്ട് ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. അന്വേഷണത്തില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കോടതി കണ്ടെത്തിയ സാഹചര്യത്തില്‍ സത്യസന്ധമായ അന്വേഷണത്തിന് സാഹചര്യം ഒരുക്കണമെന്നും കൊലപാതകത്തെ ആത്ഹത്യയാക്കി മാറ്റാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മിഷേൽ ഷാജി മരിച്ച് ഒമ്പത് വർഷങ്ങൾ തികയുമ്പോഴാണ് കുടുംബം പ്രതിപക്ഷ നേതാവിനെ കണ്ടത്. 2017 മാർച്ച് ആറിനായിരുന്നു മിഷേൽ ഷാജിയുടെ മരണം. കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ഇതുവരെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാത്ത സാഹചര്യത്തിൽ കേസ് സി.ബി.ഐക്ക് വിടണമെന്ന ആവശ്യം ശക്തമാക്കുകയാണ് കുടുംബം.
2017 മാർച്ച് 5-നാണ് പിറവം ഇലഞ്ഞി സ്വദേശിയായ മിഷേൽ ഷാജിയെ (18) കൊച്ചിയിലെ ഹോസ്റ്റലിൽ നിന്ന് കാണാതാകുന്നത്. കലൂർ സെന്റ് ആന്റണീസ് പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയ മിഷേലിനെ പിറ്റേന്ന് വൈകുന്നേരം കൊച്ചി കായലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷേലിന്റേത് ആത്മഹത്യയാണെന്ന നിഗമനത്തിലാണ് ലോക്കൽ പോലീസ് എത്തിയത്. ഗോശ്രീ പാലത്തിൽ നിന്ന് മിഷേൽ കായലിലേക്ക് ചാടുന്നത് കണ്ടെന്ന ഒരു സാക്ഷിമൊഴിയാണ് പോലീസ് ഇതിനായി പ്രധാനമായും ഉയർത്തിക്കാട്ടിയത്.
എന്നാൽ മിഷേലിനെ കാണാനില്ലെന്ന് പരാതി നൽകിയിട്ടും പോലീസ് ആദ്യഘട്ടത്തിൽ കേസെടുക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. മിഷേലിന്റെ ശരീരത്തിലെ പാടുകളും ബാഗ് കണ്ടെത്താൻ കഴിയാത്തതും മരണത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായും കുടുംബം ആരോപിക്കുന്നു.










