Home / Politics / പ്രധാനമന്ത്രി ഭീരു, പിണറായി മോദിയുടെ ബി ടീം; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി ഭീരു, പിണറായി മോദിയുടെ ബി ടീം; കേന്ദ്ര-സംസ്ഥാന സർക്കാരുകളെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുഖ്യമന്ത്രി പിണറായി വിജയനെയും ഒരുപോലെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. നട്ടെല്ലില്ലാത്ത ഭീരുവാണ് പ്രധാനമന്ത്രിയെന്നും, പിണറായി വിജയൻ മോദിയുടെ ബി ടീമായാണ് പ്രവർത്തിക്കുന്നതെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ അവിടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രിയങ്ക പറഞ്ഞു. അമേരിക്കയ്ക്കും ഇസ്രായേലിനും മുന്നിൽ മോദി തലകുനിക്കുകയാണ്. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ അമേരിക്കയ്ക്ക് പണയം വെച്ച മോദിക്ക് ഇന്ത്യയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കാൻ ധൈര്യമില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഇത്തരമൊരു ഭയമെന്നും അവർ പരിഹസിച്ചു.

സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷമായ വിമർശനങ്ങളാണ് പ്രിയങ്ക ഉന്നയിച്ചത്. പിണറായി വിജയന് കേന്ദ്ര സർക്കാരിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും, ശബരിമലയിലെ അഴിമതികളിൽ പോലും അന്വേഷണം ഇല്ലാത്തത് ഇതുകൊണ്ടാണെന്നും അവർ ആരോപിച്ചു. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ച പ്രിയങ്ക, കേരളത്തിൽ ഒരു ഭരണമാറ്റം അനിവാര്യമാണെന്നും കൂട്ടിച്ചേർത്തു.

കേരളത്തിലെ ആരോഗ്യമേഖല തകർച്ചയിലാണെന്നും പഠിച്ചിറങ്ങുന്ന യുവാക്കൾക്ക് തൊഴിലില്ലാത്ത അവസ്ഥയാണെന്നും അവർ ചൂണ്ടിക്കാട്ടി. വിലക്കയറ്റവും കർഷക പ്രതിസന്ധിയും രൂക്ഷമാണ്. ആശാ വർക്കർമാരുടെ സമരം അടിച്ചമർത്തിയ സർക്കാർ തിരഞ്ഞെടുപ്പ് വന്നപ്പോൾ മാത്രമാണ് അവരെ ഓർക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുരിതമയമാണെന്നും വലിയ വ്യവസായികൾ തുറമുഖങ്ങൾ കൈക്കലാക്കുമ്പോൾ സാധാരണക്കാർ പട്ടിണിയിലാകുകയാണെന്നും അവർ പറഞ്ഞു.

പത്തു വർഷം ഭരിച്ചിട്ടും ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാത്ത സർക്കാരിനെ മാറ്റാൻ വോട്ടർമാർ തയ്യാറാകണമെന്നും വർഗ്ഗീയ രാഷ്ട്രീയത്തെ പാടെ തള്ളിക്കളയണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *