Home / Politics / മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: കുറ്റപത്രം വൈകുന്നതിൽ കോടതിയുടെ രൂക്ഷവിമർശനം

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം: കുറ്റപത്രം വൈകുന്നതിൽ കോടതിയുടെ രൂക്ഷവിമർശനം

മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ അതൃപ്തി രേഖപ്പെടുത്തി കോടതി. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പ്രോസിക്യൂഷനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചത്. കേസിൽ ഇത്രയും കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്നും കുറ്റപത്രം സമർപ്പിക്കാൻ ഇനിയുമെത്ര കാലം വേണമെന്നും കോടതി ചോദിച്ചു.

കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതിന് കാരണമെന്ന പ്രോസിക്യൂഷന്റെ വിശദീകരണം കോടതി തള്ളി. സിവിൽ ഏവിയേഷൻ നിയമപ്രകാരമുള്ള വകുപ്പുകൾ കൂടി ഉൾപ്പെടുത്തിയതിനാലാണ് കേന്ദ്ര അനുമതി ആവശ്യമായി വന്നതെന്നാണ് സർക്കാർ വാദം. എന്നാൽ, കേസിലെ ഒന്നാം പ്രതി ഫർസീൻ മജീദ് തന്റെ പാസ്‌പോർട്ട് പുതുക്കാൻ അനുമതി തേടി നൽകിയ ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഇടപെടലുണ്ടായത്. പ്രോസിക്യൂഷന്റെ വാദങ്ങൾ തൃപ്തികരമല്ലെന്നും നടപടികൾ വേഗത്തിലാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

2022 ജൂൺ 13-നാണ് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ, ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. വിമാനത്തിനുള്ളിൽ വധശ്രമം, ഗൂഢാലോചന തുടങ്ങിയ ഗൗരവകരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതേസമയം, പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിൽ വെച്ച് കയ്യേറ്റം ചെയ്ത സംഭവത്തിൽ സിപിഎം നേതാവ് .പി. ജയരാജൻ, മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളായ അനിൽ കുമാർ, സുനീഷ് എന്നിവർക്കെതിരെയും കേസുണ്ട്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *