Home / Politics / ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം; ആർഎസ്പിയിൽ ഭിന്നത, എൻ. നൗഷാദ് രാജിവെച്ചു

ഇരവിപുരം സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധം; ആർഎസ്പിയിൽ ഭിന്നത, എൻ. നൗഷാദ് രാജിവെച്ചു

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ആർഎസ്പിയിൽ ശക്തമായ ആഭ്യന്തര കലഹം. ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതിഷേധിച്ച് ആർഎസ്പി സംസ്ഥാന സമിതി അംഗം എൻ. നൗഷാദ് രാജിവെച്ചു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സംസ്ഥാന സമിതിയിൽ നിന്നും താൻ രാജിവെക്കുന്നതായി അദ്ദേഹം ഔദ്യോഗികമായി അറിയിച്ചു.

ഇരവിപുരം സീറ്റിൽ അഡ്വ. വിഷ്ണു മോഹനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ചതാണ് നൗഷാദിനെ ചൊടിപ്പിച്ചത്. ആർവൈഎഫ് സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു മോഹൻ. മണ്ഡലത്തിൽ ഏറെ സ്വാധീനമുള്ള തന്നെ തഴഞ്ഞ് മറ്റൊരാളെ പരിഗണിച്ചതിലൂടെ പാർട്ടി പ്രവർത്തകരുടെ വികാരം നേതൃത്വം മാനിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടി എടുത്ത തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തന്റെ രാജി. കഴിഞ്ഞ കുറേക്കാലമായി പാർട്ടി നേരിടുന്ന പ്രതിസന്ധികൾ നേതൃത്വം ഗൗരവമായി കാണുന്നില്ലെന്നും നൗഷാദ് വ്യക്തമാക്കി.

യുഡിഎഫിന്റെ ഭാഗമായി മത്സരിക്കുന്ന ആർഎസ്പിയിൽ സീറ്റ് വിഭജനത്തെച്ചൊല്ലിയും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയും നേരത്തെ തന്നെ ഭിന്നതകൾ നിലനിന്നിരുന്നു. എന്നാൽ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും ഇരവിപുരത്തെ പ്രഖ്യാപനം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയായിരുന്നു.

എൻ കെ പ്രേമചന്ദ്രന്‍റെ മകൻ കാർത്തിക് പ്രേമചന്ദ്രനെ തന്നെ ഇരവിപുരത്ത് മത്സരിപ്പിക്കണമെന്ന ആവശ്യത്തിൽ ഉറച്ചായിരുന്നു ഒരു വിഭാഗം ഉണ്ടായിരുന്നത്. എന്നാൽ അത്തരമൊരു നീക്കം നടത്തിയാൽ കുടുംബാധിപത്യം എന്ന വിമർശനം കേൾക്കേണ്ടി വരുമെന്നാണ് എതിർ വിഭാഗം പറഞ്ഞത്. ഒടുവിൽ വിഷ്ണു മോഹനെയാണ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. കാർത്തിക് പ്രേമചന്ദ്രനെ പോലെ എം എസ് ഗോപകുമാറിനെയും തള്ളിക്കൊണ്ട് ഒരു സമവായ സ്ഥാനാർത്ഥിയെന്ന നിലയ്ക്കാണ് തീരുമാനം വിഷ്ണു മോഹനിലേക്ക് എത്തിയത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *