Home / Politics / പ്രതിഷേധത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം; ചിന്താ ജെറോം അടക്കം 55 പേർക്കെതിരെ കേസ്

പ്രതിഷേധത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം; ചിന്താ ജെറോം അടക്കം 55 പേർക്കെതിരെ കേസ്

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സി.പി.എം നേതാവ് ചിന്ത ജെറോം ഉൾപ്പെടെയുള്ള 55 ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നാരോപിച്ച് കൊല്ലം ഇരവിപുരം പോലീസാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ആരോഗ്യമന്ത്രി വീണ ജോർജിന് കെ.എസ്.യു പ്രതിഷേധത്തിൽ പരിക്കേറ്റു എന്നാരോപിച്ച് ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ജാഥയിലാണ് വിവാദമായ മുദ്രാവാക്യം വിളി നടന്നത്. പ്രകടനത്തിനിടെ ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിമർശനങ്ങൾക്കിടയാക്കുകയും ചെയ്തിരുന്നു.

അതേസമയം, ആരോപണങ്ങൾക്കെതിരെ വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തി. പ്രകടനം വൈകാരികമായ ഒന്നായിരുന്നുവെന്നും ഒരു വനിതാ മന്ത്രിക്കും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗത്തിനുമെതിരെ വധശ്രമം നടന്നപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും അവർ പറഞ്ഞു. പ്രകടനത്തിനിടയിൽ ഇത്തരം വൈകാരികമായ മുദ്രാവാക്യങ്ങൾ അറിഞ്ഞോ അറിയാതെയോ ഏറ്റുവിളിച്ചു പോയതാകാം.

എന്നാൽ സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന താൻ ഒരിക്കലും ബോധപൂർവ്വം സ്ത്രീവിരുദ്ധത കാണിക്കില്ലെന്നും, പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണെന്നും ചിന്ത ജെറോം വ്യക്തമാക്കി. മുദ്രാവാക്യം വിളിയിലെ പിഴവ് ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അത് തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

Tagged:

Leave a Reply

Your email address will not be published. Required fields are marked *