കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതി പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്തെത്തി. രാജ്യത്തെ തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടങ്ങളിൽ താൻ അവർക്കൊപ്പമാണെന്ന് അദ്ദേഹം വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാർ കർഷകരെയും തൊഴിലാളികളെയും പൂർണ്ണമായും അവഗണിക്കുകയാണെന്നും അവരുടെ ഭാവിയെ ബാധിക്കുന്ന നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ അവരുടെ ശബ്ദം കേൾക്കാൻ ഭരണകൂടം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മോദി സർക്കാരിന്റെ പുതിയ തൊഴിൽ നിയമങ്ങൾ തങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുമെന്ന് തൊഴിലാളികൾ ഭയപ്പെടുമ്പോൾ, പുതിയ വ്യാപാര കരാറുകൾ ഉപജീവനത്തെ ദോഷകരമായി ബാധിക്കുമെന്ന് കർഷകരും ആശങ്കപ്പെടുന്നതായി രാഹുൽ ‘എക്സിൽ’ കുറിച്ചു. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ അവസാന പ്രതീക്ഷയായ തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കുന്നതിലൂടെ മോദി സർക്കാർ ജനവിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
“മോദി ജി ഇനിയെങ്കിലും ഇതൊക്കെ കേൾക്കുമോ? അതോ നിങ്ങളുടെ മേലുള്ള ആരുടെയെങ്കിലും പിടി അത്രമേൽ ശക്തമാണോ?” എന്ന് പ്രധാനമന്ത്രിയോട് ചോദിച്ച രാഹുൽ, ജനങ്ങളുടെ ശബ്ദം അവഗണിക്കുന്നതിനെ പരിഹസിക്കുകയും ചെയ്തു.
അതേസമയം, ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം ഹർത്താലിന് സമാനമായ രീതിയിൽ മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിയോജിപ്പ് പ്രകടിപ്പിച്ചു. പണിമുടക്കിന്റെ ആവശ്യകതയെ കോൺഗ്രസ് പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ജനജീവിതം സ്തംഭിപ്പിക്കുന്ന ഇത്തരം സമരമുറകൾ കാലഹരണപ്പെട്ടതാണെന്നും മറ്റ് സംസ്ഥാനങ്ങളിൽ പണിമുടക്ക് ഇത്തരത്തിൽ ബാധിക്കുന്നില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ മാത്രം പണിമുടക്കുകൾ ഹർത്താലായി മാറുന്നത് പൊതുചർച്ചയ്ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.










