Home / Politics / രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

രണ്ടാമത്തെ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. 23-കാരിയായ യുവതി കെപിസിസി നേതൃത്വത്തിനാണ് പരാതി നൽകിയത്. ഇത് ഡിജിപിക്കും പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറിയിരുന്നു.

വിവാഹ വാഗ്ദാനം നൽകി ഔട്ട് ഹൗസിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു എന്നാണ് യുവതിയുടെ പരാതി. താൻ കാലുപിടിച്ച് അപേക്ഷിച്ചിട്ടും രാഹുൽ ക്രൂരമായി ഉപദ്രവിച്ചുവെന്നും മൊഴിയിലുണ്ട്. രാഹുലിന്റെ സുഹൃത്തായ ഫെനിയാണ് കാർ ഓടിച്ചിരുന്നത്. ശാരീരികമായും മാനസികമായും താൻ തകർന്നുപോയെന്നും ശരീരത്തിൽ മുറിവുകളുണ്ടായെന്നും യുവതിയുടെ മൊഴിയിലുണ്ട്.

രാഹുലിന്റെ ശബ്ദരേഖയും ചാറ്റുകളും ഉൾപ്പെടെയുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം അടച്ചിട്ട മുറിയിലാണ് വാദം നടന്നത്. പോലീസ് ശേഖരിച്ച തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. വിശദമായ വാദത്തിന് ശേഷം വിധി പറയാനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. എസ്.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസിൽ, മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്ന 15-ാം തീയതി വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസിൽ 12 ദിവസമായി ഒളിവിലുള്ള രാഹുലിനെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രാഹുൽ ബെംഗളൂരുവിലുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആദ്യ അന്വേഷണ സംഘത്തിൽ നിന്ന് വിവരങ്ങൾ ചോരുന്നതായി സംശയമുയർന്ന സാഹചര്യത്തിലാണ് പുതിയ സംഘത്തെ അന്വേഷണ ചുമതല ഏൽപ്പിച്ചത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *