Home / Politics / ‘അറസ്റ്റ് ചെയ്യേണ്ടത് പോലീസ്, രാഹുൽ ഇപ്പോൾ പാർട്ടി എംഎൽഎ അല്ല,’ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ

‘അറസ്റ്റ് ചെയ്യേണ്ടത് പോലീസ്, രാഹുൽ ഇപ്പോൾ പാർട്ടി എംഎൽഎ അല്ല,’ കൈയൊഴിഞ്ഞ് കോൺഗ്രസ് നേതാക്കൾ

പാർട്ടയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലപാട് വീണ്ടും കടുപ്പിച്ച് കോൺഗ്രസ് നേതാക്കൾ. പാർട്ടിയിൽ ഇല്ലാത്ത ആളിനെ പറ്റി ഇനി പറയേണ്ടത് തന്നെ ഇല്ലെന്നതായിരുന്നു മുതിർന്ന നേതാക്കളുടെ പ്രതികരണത്തിന്റെ പൊതു സന്ദേശം.

പാർട്ടിയിൽ നിന്നും പുറത്താക്കിയെന്നും, എന്നാൽ അറസ്റ്റ് ചെയ്യുകയല്ലാ പോലീസിന്റെ ഉദ്ദേശമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് സമയത്ത് ഈ വിഷയം നീട്ടി കൊണ്ട് പോവുകയാണ്. എല്ലാ നേതാക്കന്മാരും ഒന്നിച്ച് എടുത്ത തീരുമാനമാണ് സസ്‌പെൻഡ് ചെയ്തത്. പിന്നീട് ഒന്നിച്ചെടുത്ത തീരുമാനമാണ് പുറത്താക്കിയത്. ഇത് പോലെ ഒട്ടേറെ പരാതികൾ എകെജി സെന്ററിൽ മാറാല പിടിച്ചു കിടപ്പുണ്ട്. അതൊക്കെ മാറാല നീക്കി പൊലീസിന് നൽകിയാൽ നന്നായിരുന്നു. ഞങ്ങളെ ഉപദേശിക്കാൻ സിപിഎം വരണ്ട,” വി ഡി സതീശൻ പറഞ്ഞു.

രമേശ് ചെന്നിത്തല

വിഷയം പുറത്തുവരുമ്പോൾ താൻ വിദേശത്തായിരുന്നുവെന്നും, അന്നുതന്നെ കെപിസിസി അധ്യക്ഷനോടും പ്രതിപക്ഷ നേതാവിനോടും രാഹുലിനെ പുറത്താക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഒരു കോൺഗ്രസ് ജനപ്രതിനിധിക്ക് യോജിക്കാത്ത പെരുമാറ്റമാണ് രാഹുലിന്റെ ഭാഗത്തുനിന്നുണ്ടായത്. ഈ നിലപാട് സ്വീകരിച്ചപ്പോൾ തനിക്ക് നേരെ വലിയ സൈബർ ആക്രമണമുണ്ടായി, എന്നാൽ അതൊന്നും താൻ കാര്യമാക്കുന്നില്ല. താൻ അന്നെടുത്ത നിലപാട് ശരിയാണെന്ന് ഇന്ന് വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും ചെയ്യാത്ത, ധീരവും മാതൃകാപരവുമായ നടപടിയാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. മറ്റ് പാർട്ടികളിലെ പല നേതാക്കൾക്കെതിരെയും സമാനമായ കേസുകളുണ്ട്. എന്നാൽ ഒരു പാർട്ടിയും ഇത്തരത്തിലുള്ള കടുത്ത നടപടികൾ സ്വീകരിച്ചിട്ടില്ല. രാഹുലിനെ സംരക്ഷിക്കാനോ, വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാനോ കോൺഗ്രസ് ഒരു ഘട്ടത്തിലും തയ്യാറായിട്ടില്ല.

ആദ്യം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി, പിന്നീട് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു, തുടർന്ന് പാർലമെന്ററി പാർട്ടിയിൽ നിന്ന് ഒഴിവാക്കി, ഒടുവിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കി – എന്നിങ്ങനെ പടിപടിയായാണ് നടപടികൾ സ്വീകരിച്ചത്. രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരാൻ പാടില്ല. പാർട്ടി നൽകിയ സീറ്റാണത്. പാർട്ടിക്ക് പുറത്തായ സാഹചര്യത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കുകയാണ് ശരി.

കെ സി വേണുഗോപാൽ

ഇത്തരം സന്ദർഭങ്ങളിൽ പാർട്ടിയുടെ അന്തസ്സ് സംരക്ഷിക്കുന്നതിനും പൊതുസമൂഹത്തിന് മുന്നിൽ പ്രതിച്ഛായ നിലനിർത്തുന്നതിനുമാണ് കോൺഗ്രസ് പ്രഥമ പരിഗണന നൽകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.

രാഹുലിനെതിരായ കെപിസിസിയുടെ തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണ് കൈക്കൊണ്ടതെന്നും ഇതിന് എഐസിസിയുടെ പൂർണ്ണ അംഗീകാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ അടുത്ത നീക്കങ്ങൾ അദ്ദേഹത്തിന് തീരുമാനിക്കാം, എന്നാൽ അദ്ദേഹം ഇപ്പോൾ കോൺഗ്രസിന് പൂർണ്ണമായും പുറത്താണെന്നും വേണുഗോപാൽ പറഞ്ഞു.

കേരളത്തിൽ സമാനമായ പല സംഭവങ്ങളും നടന്നിട്ടുണ്ടെങ്കിലും മറ്റൊരു പാർട്ടിയും ഇത്രയും ധീരമായ നടപടി സ്വീകരിച്ചിട്ടില്ല. കോൺഗ്രസ് രാഹുലിനെ ഉടനടി സസ്പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു. തുടക്കം മുതൽ തന്നെ പാർട്ടി ശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ സ്വീകരിച്ചത്. കെപിസിസി അധ്യക്ഷന് ലഭിച്ച പുതിയ പരാതി ഒട്ടും വൈകിപ്പിക്കാതെയും പൂഴ്ത്തിവെക്കാതെയും മണിക്കൂറുകൾക്കകം ഡിജിപിക്ക് കൈമാറുകയായിരുന്നു.

അന്തിമ നടപടി സ്വീകരിക്കുന്നതിന് മുൻപ് പാർട്ടിയുടെ വിവിധ തലങ്ങളിൽ വിഷയം ചർച്ച ചെയ്തിരുന്നു. സമാന സാഹചര്യങ്ങളിൽ മറ്റേതൊരു പാർട്ടിയേക്കാളും വേഗത്തിലാണ് കോൺഗ്രസ് പ്രവർത്തിച്ചത്. പുറത്താക്കൽ എന്ന ഏറ്റവും കടുത്ത നടപടിയിലേക്കാണ് പാർട്ടി പോയത്. തെറ്റ് ചെയ്യുന്നവരെ കോൺഗ്രസ് സംരക്ഷിക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള പുറത്താക്കൽ എന്നത് സാധ്യമായ ഏറ്റവും ശക്തമായ നടപടിയാണെന്നും അത് സസ്പെൻഷനുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പ്രധാനപ്പെട്ട മറ്റ് പല വിഷയങ്ങളുമുണ്ട്. ഈ വിഷയം മാത്രം ചർച്ചയിൽ നിറഞ്ഞുനിൽക്കാൻ പാടില്ല. എല്ലാ ആരോപണങ്ങൾക്കും പ്രത്യാക്രമണം നടത്തേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമർശകരെ ലക്ഷ്യമിട്ട് സൈബർ നിയമങ്ങൾ സർക്കാർ തിരഞ്ഞുപിടിച്ച് ഉപയോഗിക്കുകയാണ്. എന്നാൽ മറ്റുള്ളവർക്കെതിരായ സമാന ആരോപണങ്ങൾ അവഗണിക്കുന്നു. നിയമനടപടി നിഷ്പക്ഷവും എല്ലാവർക്കും തുല്യവുമായിരിക്കണം. മുഖ്യമന്ത്രിക്ക് ബാധകമായ നിയമം എല്ലാവർക്കും ബാധകമാണ്. അത്തരം നിയമനടപടികളെ കോൺഗ്രസ് പിന്തുണയ്ക്കുന്നു.

കെ മുരളീധരൻ

രാഷ്ട്രീയ പ്രവർത്തനത്തിൽ സംശുദ്ധി ഉണ്ടാകണമെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. ഇന്നുണ്ടായ രണ്ടു തീരുമാനങ്ങളും (മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതും പുറത്താക്കിയതും) സന്തോഷം തരുന്നു. രണ്ടും സർവ്വാത്ന്മന സ്വാഗതം ചെയ്യുന്നു. അയ്യപ്പൻറെ സ്വർണം കട്ട കള്ളന്മാർ ജയിലിൽ കിടക്കുമ്പോഴാണ് സിപിഎം ഞങ്ങളെ ഉപോദേശിക്കാൻ വരുന്നത്. സൈബർ ആക്രമണം നടത്തുന്നത് കൂലി തല്ലുകാരാണ്. പോലീസ് രാഹുലിനെ പിടിച്ചോണ്ട് വരണം. അതിന് കഴിഞ്ഞില്ലെങ്കിൽ എന്തിനാ പോലീസ് എന്ന് പറഞ്ഞ് നടക്കുന്നെ.

തിരുവഞ്ചൂർ രാധാകൃഷ്ണൻ

രാഹുൽ ഇപ്പോൾ പാർട്ടി എംഎൽഎ അല്ല. പിടി കൂടേണ്ടത് പോലീസ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *