തദ്ദേശ തെരെഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി രാഹുൽ മാങ്കൂട്ടത്തിൽ. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന്റെ വോട്ട്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് രാഹുൽ വോട്ട് ചെയ്യാനെത്തിയത്. ബലാത്സംഗ കേസിലെ പരാതികളെ തുടർന്ന് പതിനഞ്ച് ദിവസമായി ഒളിവിൽ കഴിയുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ. തനിക്ക് എതിരെയും അനുകൂലമായുമുള്ള കാര്യങ്ങൾ ബഹുമാനപ്പെട്ട കോടതിയുടെ മുമ്പിൽ ഉണ്ടെന്നും സത്യം ജയിക്കുമെന്നായിരുന്നു പ്രതികരണം.
പാലക്കാട് എംഎൽഎ ആയ രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയിരുന്നു. ഇനിയും ഒളിവിൽ പോകുമോ എന്ന ചോദ്യത്തിന് രാഹുൽ പ്രതികരിച്ചില്ല. ഇനിയെന്താണ് ചെയ്യാൻ പോകുന്നത് എന്ന ചോദ്യത്തിന് ഒരു ചായ കുടിക്കട്ടെ എന്ന് പറഞ്ഞ് രാഹുലും ഒപ്പമുള്ളവും ചായ കുടിച്ചത് മാധ്യമങ്ങൾ തീർത്ത വലയത്തിനുള്ളിലായിരുന്നു. ഇനി ഒന്നും പറയാൻ ഇല്ലെന്നും എല്ലാം കോടതിയുടെ മുമ്പിലുണ്ടെന്നും ആവർത്തിച്ച രാഹുൽ തിരികെ വാഹനത്തിൽ കയറി.
രണ്ടു ബലാത്സംഗ കേസുകളാണ് രാഹുലിനെതിരെ ഉള്ളത്. ആദ്യത്തെ കേസിലെ മുൻകൂർ ജാമ്യാപേക്ഷയിൽ പതിനഞ്ചാം തീയതി വീണ്ടും വാദം കേൾക്കും വരെ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.










