Home / Politics / മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ

മുൻ‌കൂർ ജാമ്യം തേടി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ സമീപിച്ചു. രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. ഹൈക്കോടതി അപേക്ഷ നാളെ പരിഗണിക്കും.

ലൈംഗിക പീഡനക്കേസിൽ ഒമ്പതാം ദിവസവും ഒളിവിൽ തുടരുന്ന രാഹുൽ, ഉടനെയൊന്നും അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാൻ സാധ്യതയില്ല. പകരം അറസ്റ്റ് തടയാനാണ് രാഹുലിന്റെ നീക്കം. ഇന്നലെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ട് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കിയതായി കെപിസിസിയുടെ പ്രഖ്യാപനം വന്നിരുന്നു.

പരാതിക്കാരിയുമായി ദീർഘകാലമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. ബന്ധം അവസാനിച്ചതിന് ശേഷമാണ് ബലാത്സംഗ കേസ് കെട്ടിച്ചമച്ചത്. അതിനാൽ പീഡനാരോപണം നിലനിൽക്കില്ലെന്നാണ് ഹർജിയിലെ വാദം,

താനൊരു രാഷ്ട്രീയ നേതാവായതുകൊണ്ട് തെരഞ്ഞെടുപ്പ് സമയത്ത് തന്നെ അപകീർത്തിപ്പെടുത്താനാണ് കേസ് നൽകിയിരിക്കുന്നത്. ഇതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ട്. കൃത്യമായ നിയമവഴികളിലൂടെയല്ല പരാതി നൽകിയിട്ടുള്ളത്. പരാതി നൽകിയതിൽ വലിയ കാലതാമസമുണ്ടെന്നും ഹർജിയിൽ പറയുന്നു.

സമാനമായ കേസുകളിലെ തനിക്കെതിരെ നടന്ന ബ്ലാക്ക് മെയിലിംഗ് ശ്രമങ്ങളും ഹർജിയിൽ പരാമർശിക്കുന്നുണ്ട്. കേസിൽ കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യലിന്റെ ആവശ്യമില്ലെന്നും ഹർജിയിൽ വാദിക്കുന്നുണ്ട്. രാഹുലിനെതിരെ രണ്ട് ലൈംഗിക പീഡന പരാതികളാണ് നിലവിൽ ഉള്ളത്. ഇതിൽ ആദ്യ പരാതിയിലാണ് ജാമ്യം ഇല്ലാ വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *