ലൈംഗിക പീഡന കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ താമസിച്ചത് തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോർട്ടിൽ. ഇവിടെ പോലീസ് എത്തുന്നതിന് മുമ്പ് മുങ്ങിയ രാഹുൽ കർണാടകയിലേക്ക് കടന്നെന്നുമാണ് റിപ്പോർട്ടുകൾ. ബുധനാഴ്ചയാണ് രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത്. നവംബർ 27 നാണ് രാഹുലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
റിസോർട്ടിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ നേരെ പോയത് പൊള്ളാച്ചിയ്ക്കെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. തുടർന്ന് കോയമ്പത്തൂരിലേക്ക് കടന്നു. ജില്ലാ അതിർത്തിയായ കൊഴിഞ്ഞാമ്പാറ വഴിയാണ് രാഹുൽ പോയതെന്നാണ് കരുതുന്നത്. ഹൈവേ ഒഴിവാക്കാനാണ് ഇതെന്നാണ് അനുമാനം.
ലൈംഗിക പീഡന കേസിൽ രാഹുലിനെതിരെ നൽകിയ ആദ്യ പരാതിയിലാണ് അറസ്റ്റ് ഭയന്ന് രാഹുൽ ഒളിവിൽ പോയത്. ഇതിനിടെ, രാഹുലിനെതിരെ മറ്റൊരു യുവതി ബലാത്സംഗ പരാതി ഉന്നയിച്ചു. യുവതി കോൺഗ്രസ് നേതൃത്വത്തിന് നൽകിയ പരാതി ഡിജിപിക്ക് കൈമാറി. ഇന്നാണ് ഈ പരാതി പുറത്ത് വന്നത്.
അതേസമയം, കേസിലെ രണ്ടാം പ്രതിയായ ജോബി ജോസഫും രാഹുലിനൊപ്പം ഉണ്ടെന്നാണ് കരുതുന്നത്. പാലക്കാട് നിന്ന് രാഹുൽ മുങ്ങിയ ചുവന്ന പോളോ കാർ മലയാള സിനിമ നടിയുടെ തന്നെയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുമ്പ് രാഹുലിൻ്റെ ഭവന നിർമ്മാണ പദ്ധതി ഉദ്ഘാടനത്തിന് ഇതേ കാറിൽ ഈ നടി എത്തിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം നടിയെ ചോദ്യം ചെയ്തേക്കും.










