Home / Politics / രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് ഹൈക്കോടതി താത്‌ക്കാലികമായി തടഞ്ഞു

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് ഹൈക്കോടതി താത്‌ക്കാലികമായി തടഞ്ഞു

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്ക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ജസ്റ്റിസ് കെ. ബാബുവിന്റെ സിംഗിൾ ബെഞ്ചാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഹർജിയിൽ വിശദമായ വാദം കേൾക്കുന്നത് വരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദ്ദേശം നൽകി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. വ്യാഴാഴ്ച ആയിരുന്നു കീഴ് കോടതി രാഹുലിന്റെ ജാമ്യാപേക്ഷ തള്ളിയത്.

പരാതിക്കാരിയുമായി ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് രാഷ്ട്രീയമായി തന്നെ തകർക്കാൻ കെട്ടിച്ചമച്ചതാണ് ഈ കേസെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.

ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിന് പിന്നാലെ രാഹുലിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ സ്റ്റേ.

കേസിൽ ആദ്യം ജാമ്യം നിഷേധിക്കപ്പെട്ടതിന് പിന്നാലെ രാഹുലിനെ കോൺഗ്രസിൽ നിന്നും പുറത്താക്കി പാർട്ടിയുടെ പ്രഖ്യാപനം വന്നിരുന്നു. രണ്ടു പരാതികളാണ് ഇപ്പോൾ രാഹുലിനെതിരെ നിലവിൽ ഉള്ളത്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *