നടന് മോഹന്‍ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ചതായി വിവരാവകാശ രേഖ വെളിപ്പെടുത്തുന്നു. അഭിമുഖത്തിനായി മൊത്തം 11,21,000 രൂപ ചെലവായതായി വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍ വ്യക്തമായി. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നല്കിയ അപേക്ഷയ്ക്ക് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന പേരിലുള്ള അഭിമുഖം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ രണ്ട് ദിവസങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ വ്യക്തി ജീവിതത്തിൽ ഊന്നി നടത്തിയ അഭിമുഖം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിണറായി വിജയൻറെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ച് കൂടിയുള്ളതായിരുന്നു. എന്നാല്‍ പരിപാടിക്കായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയില്‍ വകുപ്പ് വ്യക്തമാക്കുന്നു.
ആദ്യം ഇടതു പക്ഷ ചായ്വുള്ള ‘ന്യൂസ് മലയാളം’ ചാനലിലാണ് അഭിമുഖം സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ സർക്കാരിന്റെ കീഴിലുള്ള പിആർഡി നിർമ്മിച്ച അഭിമുഖം തങ്കൾക്കും ലഭ്യമാക്കണമെന്ന മറ്റു ചാനലുകളുടെ ആവശ്യം സർക്കാർ അംഗീകരിക്കുകയായിരുന്നു. തുടർന്ന്, എല്ലാ ടെലിവിഷൻ ചാനലുകളും ഒന്നിച്ച്, ഒരേ സമയമാണ് അഭിമുഖം സംപ്രേക്ഷണം ചെയ്തത്.
പ്രതിപക്ഷം ഇതിനകം തന്നെ ഈ അഭിമുഖത്തെ പി.ആര് സ്റ്റണ്ടായി വിമര്‍ശിച്ചിരുന്നു. പ്രമുഖ സംവിധായകന് ടി.കെ. രാജീവ് കുമാര്‍ നയിച്ച സംഘമാണ് അഭിമുഖം ചിത്രീകരിച്ചത്.










