പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് കീഴടങ്ങിയേക്കുമെന്ന് സൂചന. ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ കീഴടങ്ങുമെന്ന് കരുതുന്ന കാസർകോട് ഹോസ്ദുർഗ് കോടതി പരിസരത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്നാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. അറസ്റ്റ് തടയണമെന്ന ആവശ്യവും കോടതി നിരസിച്ചു. തൊട്ട് പിന്നാലെ കോൺഗ്രസിൽ നിന്നും പുറത്താക്കിയെന്ന പ്രഖ്യാപനവും വന്നു.
ഭീഷണിപ്പെടുത്തിയുള്ള ഗർഭഛിദ്രം എന്ന കുറ്റവും രാഹുലിനിതിരെ ചുമത്തിയിട്ടുണ്ട്. അതേസമയം, രാഹുൽ പോലീസ് കസ്റ്റഡിയിലായെന്ന പ്രചാരണമുണ്ടായെങ്കിലും, അറസ്റ്റ് നടന്നിട്ടില്ലെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി അറിയിച്ചു.
രാഹുലിനെതിരെ ഒന്നിലധികം സ്ത്രീകൾ സമാന പരാതിയുമായി രംഗത്ത് വന്നിരുന്നു. ആദ്യത്തെ പരാതി മുഖ്യമന്ത്രിക്കാണ് ലഭിച്ചത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. രണ്ടാമത്തെ പരാതി കോൺഗ്രസ് നേതൃത്വത്തതിനാണ് ലഭിച്ചത്. ഡിജിപിക്ക് കൈമാറിയ ഈ പരാതിയിലും പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഈ എഫ്ഐആറും (FIR) പ്രോസിക്യൂഷൻ ഇന്ന് കോടതിയിൽ ഹാജരാക്കിയിരുന്നു. രാഹുൽ സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്ന ആളാണെന്നും ജാമ്യം നൽകുന്നത് കേസിന്റെ തുടർ നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
രാഹുൽ ഇപ്പോൾ പാർട്ടിയിൽ ഇല്ലെന്നും അറസ്റ്റ് ചെയ്യേണ്ടത് പോലീസിന്റെ ചുമതലയാണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ നിലപാട്.










