Home / Politics / ശബരിമല സ്വർണ്ണക്കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ അറസ്റ്റിൽ

ശബരിമല സ്വർണ്ണക്കൊള്ള: മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാർ അറസ്റ്റിൽ

ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണ്ണം കവർന്ന കേസിൽ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയാണ് കേസിൽ വീണ്ടും അറസ്റ്റ് ഉണ്ടാകുന്നത്.

ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം ശ്രീകുമാറിനെ അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശില്പങ്ങൾ അറ്റകുറ്റപ്പണികൾക്കായി പുറത്തേക്ക് കൊണ്ടുപോകുമ്പോൾ ശബരിമല എ.ഒ ആയിരുന്നു ശ്രീകുമാർ. സ്വർണ്ണത്തിന് പകരം ചെമ്പാണെന്ന് രേഖപ്പെടുത്തിയ നടപടികളിൽ ഇദ്ദേഹത്തിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

മുകളിൽ നിന്നുള്ള നിർദ്ദേശപ്രകാരം ഫയലുകൾ നീക്കുക മാത്രമാണ് ചെയ്തതെന്നും താൻ വിരമിച്ച ശേഷമാണ് പാളികൾ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നുമാണ് ശ്രീകുമാറിന്റെ വാദം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഇതിനോടകം പല പ്രമുഖരും അറസ്റ്റിലായിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി എന്നിവർ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ദ്വാരപാലക വിഗ്രഹങ്ങളിലെ കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിക്കുകയും അത് പിച്ചളയോ ചെമ്പോ ആണെന്ന് വരുത്തിത്തീർക്കുകയും ചെയ്തു എന്നതാണ് കേസിലെ പ്രധാന ആരോപണം.

ഏകദേശം നാല് കിലോയോളം സ്വർണ്ണം ഇത്തരത്തിൽ തിരിമറി നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ED) സമാന്തരമായി അന്വേഷണം നടത്തിവരികയാണ്.

Tagged:

Leave a Reply

Your email address will not be published. Required fields are marked *